World

റൊണാള്‍ഡോയുടെ കല്യാണം ശനിയാഴ്ച: അതിഥികള്‍ ആരൊക്കെ ?

പോര്‍ച്ചുഗല്ലിലെ മെദീരയിലെ ഫുന്‍ചാല്‍ കത്തീഡ്രലില്‍ വരുന്ന ശനിയാഴ്ച ഒരു കല്യാണം നടക്കുന്നുണ്ട്. കല്യാണമെന്ന ചടങ്ങാണ് പ്രധാനം. പക്ഷെ, കല്യാണം കഴിക്കുന്നവര്‍ വര്‍ഷങ്ങളായി ഒരുമിചട്ചു താമസിക്കുകയും അവര്‍ക്ക് കുട്ടികളുമുണ്ട്. എന്നാല്‍, കല്യാണം എന്നത് ഒരു സ്വര്‍ഗീയാനുഭവമാക്കുകയാണ് ആ ദമ്പതികള്‍. അവര്‍ ആരാണെന്നല്ലേ ?. മൈതാനങ്ങളില്‍ ഗ്യാലറികളെ ആവേശം കൊള്ളിക്കുന്ന, കാല്‍പ്പന്തു കളിയുടെ പൊക്കം. തന്റെ ഗോളുകളെ ആഘോഷിക്കാന്‍ വാനിലേക്കുയര്‍ന്ന് കൈ രണ്ടും ക്രോസ് ആക്കി അന്തരീക്ഷത്തില്‍ വെട്ടിവീസിക്കൊണ്ട് നിലത്തുറപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗ്‌സും തമ്മിലാണ് വിവാഹം.

തണുത്ത വെളുപ്പാന്‍കാലത്തെ കത്തീഡ്രലിലേക്ക് ആരാധകര്‍ മാത്രമല്ല, ലോകത്തെ വന്‍ താരനിരയും ഒഴുകുമെന്നാണ് അറിയുന്നത്. കാരണം, ഈ നൂറ്റാണ്ടിലെ ലോകംകണ്ട ഫുട്‌ബോള്‍ മാന്ത്രികരില്‍ എവിടെ എഴുതിയാലും തിരിച്ചറിയാന്‍ കഴിയുന്ന പേരുകാരന്റെ വിവാഹമായതു കൊണ്ട്. ക്രിസ്റ്റ്യാനോയുടെ ജന്മദേശമാണ് മെദീര. അവിടുത്തെ പ്രസിദ്ധമായ കത്തീഡ്രല്‍ലാണ് ഫുന്‍ചാല്‍ കത്തീഡ്രല്‍ പള്ളി. അവിടെ വെച്ച് ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടക്കുക. 9 വര്‍ഷത്തോളമായി ഒന്നിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോര്‍ജീനയും നിലവില്‍ സൗദി അറേബ്യയിലെ റിയാദിലാണ് താമസം.

ക്രിസ്റ്റ്യാനോയുടെ വിവാഹത്തിന്റേതെന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ക്ഷണക്കത്തും അതില്‍ ഉള്‍പ്പെട്ട വന്‍ താരനിര ഉള്‍പ്പെടുന്ന അതിഥികളുടെ പട്ടികയും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ക്ഷണക്കത്ത് വ്യാജമാണ്. ചോര്‍ന്നതായി പറയപ്പെടുന്ന അതിഥി പട്ടികയിലെ പ്രമുഖ പേരുകളാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെ എക്കാലത്തെയും വലിയ എതിരാളിയായ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

മെസിക്ക് പുറമെ, റിയോ ഫെര്‍ഡിനാന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, അലക്‌സ് ഫെര്‍ഗൂസന്‍, വെയ്ന്‍ റൂണി, സിനദിന്‍ സിദാന്‍, സിനിമാ, സംഗീത ലോകത്തു നിന്ന് വിന്‍ ഡീസല്‍, റിയാന്ന, ജെന്നിഫര്‍ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്‌കോട്ട് എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. താന്‍ ജനിച്ചു വളര്‍ന്ന ജന്മനാടായ ഫുന്‍ചാലില്‍ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാള്‍ഡോയുടെ വലിയ ആഗ്രഹമായിരുന്നു.

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഫുന്‍ചാലിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ സവോയ് പാലസിലാകും വിവാഹ സത്കാരം നടക്കുക. വിവിഐപി അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാന്‍ ഹോട്ടലിലെ പ്രധാന ഫ്‌ലോറുകള്‍ മുഴുവനായി റിസര്‍വ് ചെയ്തിട്ടുണ്ട്.

2016ല്‍ മാഡ്രിഡില്‍ വച്ചാണ് ജോര്‍ജീനയും ക്രിസ്റ്റ്യാനോയും ആദ്യമായി കാണുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങുകയുമായിരുന്നു. സ്പാനിഷ് മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ ജോര്‍ജീനയുടെ ജീവിതത്തെക്കുറിച്ച് ‘സോയ് ജോര്‍ജീന’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്. നിലവില്‍ ഇരുവരും സൗദി അറേബ്യയിലാണ് താമസം. സൗദി പ്രൊ ലീ?ഗില്‍ അല്‍ നസര്‍ താരമാണ് ക്രിസ്റ്റ്യാനോ.