പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി.പി.എം പ്രവര്‍ത്തകരായ ഐ.പി ബിനു, ദിനകര്‍, ഉണ്ണികൃഷ്ണന്‍, രേവന്ത്, ദിലീപ് നായര്‍, ഉണ്ണി ഡി.എസ് എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം നല്‍കിയത്.
നേരത്തെ 15 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതോടെ അറസ്റ്റിലായ 21 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. 68 ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും കേസ് അവസാനഘട്ടത്തിലാണെന്നും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു.
ഇന്നലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികളായ ഷഹീന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. തുടര്‍ന്ന് മെയ് 27-ന് കേസില്‍ ആകെ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സെഷന്‍സ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഒമ്പത് പ്രതികള്‍ക്കും പിന്നീട് നാല് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
















