കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനായി ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും. ഗൗതത്തെ കടലിൽ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. യുവാവിൻ്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചിൽ ഊർജിതമാക്കുന്നത്. വിഷയത്തിൽ മന്ത്രിമാരും ഇടപെട്ടിരുന്നു.
ഇന്നലെയാണ് ഗൗതം കൃഷ്ണന് വേണ്ടിയുള്ള തെരച്ചിൽ ഫലം കാണാത്തതിൽ അമ്മ രേഷ്മ പ്രതിഷേധിച്ചത്. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ഫിഷറീസ് ഉദ്യേഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല.
തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അമ്മ ചർച്ചയിൽ നിന്ന് ഇറങ്ങി പോയി. വിദഗ്ധ സംഘം തെരച്ചിൽ നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 26 കാരനായ ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. ഗൗതത്തിൻ്റെ അച്ഛനും മുത്തച്ഛനും അപകടത്തിൽ മരിച്ചിരുന്നു.
















