സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് മേല്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ‘വന്ദേമാതരം’ പൂര്‍ണമായി ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ബഹുസ്വരതയെയും വൈവിധ്യത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് കേരളത്തില്‍ വേഗത കൂട്ടുന്ന ഉദ്യോഗസ്ഥ ഭരണാധികാരികളുടെ നിലപാട് എന്ത് സന്ദേശമാണ് നല്‍കുന്നത്? മറ്റ് മതവിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായ വരികള്‍ പാടാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹുദൈവ ആരാധനയും കീര്‍ത്തനങ്ങളും സ്വന്തം വിശ്വാസത്തിന് എതിരായി കാണുന്നവര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്ന സാഹചര്യമാണ് ഈ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെടുന്നത്. മതേതര കേരളത്തിന്റെ മന്ത്രിമാര്‍ ഇത്തരം വരികള്‍ കേട്ട് സല്യൂട്ട് സ്വീകരിക്കേണ്ടി വരുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ പുറത്താണ്? സംഘ്പരിവാറിന്റെ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് കേരളത്തില്‍ ഒളിച്ചുകടക്കാന്‍ വഴിയൊരുക്കുന്നത് ആരായാലും അത് ചെറുക്കപ്പെടേണ്ടതുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വെല്ലുന്ന വേഗതയില്‍ ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് കേരളത്തിലെ ജനങ്ങളോട് വ്യക്തമാക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും വിശ്വാസ സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. ഒരു സമൂഹത്തെ നിര്‍ബന്ധിച്ച് ഒരേ അച്ചില്‍ വാര്‍ക്കാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണമെന്നും തൗഫീഖ് മമ്പാട് ആവശ്യപ്പെട്ടു.
















