കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ആഗസ്റ്റ് 6 ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ (Club Activity ) തീരുമാനിക്കാത്ത പരിപാടിയാണ്, ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മന്ത്രി എൻ ഷംസുദ്ദീൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
















