ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും മുൻ അംഗം എ അജികുമാറിനും വലിയ തിരിച്ചടി. ഇരുവർക്കുമെതിരെ നിർണായക തെളിവുകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചു. നിലവിലെ ടെൻഡറുകൾ റദ്ദാക്കാനും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനും നിർദേശിച്ചുകൊണ്ട് പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ഈ തീരുമാനം.
നിലവിലെ ടെൻഡർ റദ്ദാക്കാൻ അനുവദിക്കുന്നു. മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു’ എന്നായിരുന്നു പ്രശാന്ത് സ്വന്തം കൈപ്പടയിൽ കുറിച്ചത്. എത്ര ലിറ്റർ നെയ്യ് വേണമെന്ന് നിശ്ചയിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും ഈ രേഖയിൽ പറയുന്നു. ഈ തിരക്കിട്ട നീക്കങ്ങൾക്ക് പിന്നിൽ വലിയ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് നിഗമനം. ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമ്മാണത്തിന് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടാണ് എസ്ഐടി അന്വേഷിക്കുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തെ ഇന്നലെയാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയമിച്ചത്. നെയ്യിൽ വലിയൊരു ഭാഗം വഴിമദ്ധ്യേ മറിച്ചുവിറ്റെന്നും പകരം മായം കലർന്നത് എത്തിച്ചെന്നുമാണ് ആരോപണം. 20,000 യൂണിറ്റ് അരവണയ്‌ക്കായി 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ .മിൽമയിൽ നിന്ന് കൂടിയ വിലയ്‌ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി നഷ്ടമുണ്ടായെന്ന് ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
















