ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും(എഫ്.എ) സ്പോണ്‍സറും തമ്മിലാണ് മത്സരം നടത്താന്‍ കരാറൊപ്പിട്ടത്. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോണ്‍സര്‍ എ.എഫ്.എക്ക് പണമടച്ചത്. സര്‍ക്കാരിനെതിരായ വിമര്‍ശങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മെസ്സി വിവാദം ഉയര്‍ത്തുന്നതെന്നും മുന്‍ മന്ത്രി വ്യക്തമാക്കി. വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്ന് കായിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വി അബ്ദുറഹിമാന്റെ പ്രതികരണം.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അഡ്വാന്‍സ് തുകയായി 126 കോടി രൂപ നല്‍കിയതിന് സര്‍ക്കാരിന്റെ കയ്യില്‍ രേഖകളില്ല. എഎഫ്എയും സര്‍ക്കാരും തമ്മിലോ പ്രൊമോട്ടര്‍മാരുമായോയുള്ള കരാറുകള്‍, എംഒയു എന്നിവയൊന്നും ഫയലുകളിലില്ല. കുറച്ച് ഇമെയില്‍ സന്ദേശങ്ങള്‍ മാത്രമാണ് കായിക വകുപ്പിന്റെ കൈവശമുള്ളത്. ടെന്‍ഡര്‍ ഇല്ലാതെ സ്പോണ്‍സറായി തിരഞ്ഞെടുത്ത ‘ഗോട്ട് ആന്‍ഡ് ഗ്ലോബല്‍’ എന്ന കമ്പനി, കത്തയക്കുന്നതിന് 20 ദിവസം മുമ്പ് മാത്രം രൂപീകരിച്ച ഷെല്‍ കമ്പനിയാണെന്ന സംശയവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
















