News

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ കടുത്ത നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും. വിശദ പരിശോധനയ്ക്കും വിവിധ സംഘടനകളുടേയും പ്രതിപക്ഷത്തിന്റേയും ആശങ്കകൾ പരിഹരിക്കാനുമായി ബിൽ ജെപിസിക്ക് വിടാൻ ഒരുക്കമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു.

ബിൽ ജെപിസിക്ക് വിടാനുള്ള പ്രമേയം കേന്ദ്രസർക്കാർ നാളെ അവതരിപ്പിച്ചേക്കും. ബില്ലിന്മേൽ ക്രൈസ്തവസഭ പ്രതിനിധികൾ അടക്കം കേന്ദ്രസർക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. എഫ്‌സിആർഎ ജെപിസിക്ക് വിടണമെന്ന് സഭാ പ്രതിനിധികളും ഏതാനും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരമാണ് സമവായം ഉണ്ടാക്കിയെടുക്കാൻ ബിൽ ജെപിസിക്ക് വിടുന്നത്. ഇതുവഴി പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

എന്നാൽ ബിൽ പൂർണമായും പിൻവലിക്കണമെന്നാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുള്ളത്. തൃണമൂൽ കോൺ​ഗ്രസ് ആദ്യം ബിൽ ജെപിസിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, പിന്നീട് നിലപാട് മാറ്റി ബിൽ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ശക്തമായ എതിർപ്പാണ് ബില്ലിൽ രേഖപ്പെടുത്തിയത്. നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്ന്, ഈ ആശങ്കകൾ പരിഗണിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

ബിൽ ഒന്നുകിൽ ജെപിസിക്ക് വിടുകയോ അല്ലെങ്കിൽ പിൻവലിക്കുകയോ വേണമെന്നാണ് ഡിഎംകെ ആവശ്യപ്പെട്ടിട്ടുള്ളത്. ബിൽ ജെപിസിക്ക് വിടണമെന്ന് ബിജു ജനതാദൾ ആവശ്യപ്പെടുന്നു. വിദേശത്ത് നിന്നുള്ള ഫണ്ടിങ് തടയാനും മതപരിവർത്തനം പോലുള്ള പ്രവർത്തനങ്ങൾക്കായി ഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനും ഈ നിയമം ആവശ്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ ഇത് സന്നദ്ധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.