ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്നും കൊല്ലത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ സെന്‍ട്രല്‍ – കൊല്ലം റൂട്ടില്‍ രണ്ട് പ്രത്യേക സര്‍വീസുകളും എഗ്മോര്‍ – മംഗളൂരു റൂട്ടില്‍ ഒരു ട്രെയിനുമാണ് പ്രത്യേകം അനുവദിച്ചത്.
ചെന്നൈ സെന്‍ട്രല്‍ – കൊല്ലം
ചെന്നൈയില്‍നിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബര്‍ 2 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന വണ്ടി (06119) അടുത്ത ദിവസം രാവിലെ 7.20-ന് കൊല്ലത്ത് എത്തും. പൂര്‍ണമായും എസി ത്രീ ടിയര്‍ ഇക്കോണമി വിഭാഗത്തില്‍പ്പെട്ട 16 കോച്ചുകള്‍ മാത്രമാണ് ഈ വണ്ടിയിലുള്ളത് (സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഉണ്ടാകില്ല).
ചെന്നൈ സെന്‍ട്രലില്‍നിന്ന് ഈ മാസം 13, 15, 20, 22, 27, 29, സെപ്റ്റംബര്‍ 3, 5 തീയതികളില്‍ രാത്രി 11.50ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20ന് കൊല്ലത്ത് എത്തും. ഒരു ഫസ്റ്റ് ക്ലാസ് കം സെക്കന്‍ഡ് എസി കോച്ച്, രണ്ട് സെക്കന്‍ഡ് എസി കോച്ചുകള്‍, നാല് എസി ത്രീ ടിയര്‍ കോച്ചുകള്‍, 13 സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവയാണ് ഇതിലുണ്ടാവുക.
എഗ്മോര്‍ – മംഗളൂരു
ചെന്നൈ എഗ്മോറില്‍നിന്ന് മംഗളൂരുവിലേക്ക് ഈ മാസം 18, 25, സെപ്റ്റംബര്‍ 1 തീയതികളില്‍ പ്രത്യേക തീവണ്ടി (06125) സര്‍വീസ് നടത്തുന്നതാണ്. ആറ് സ്ലീപ്പര്‍ കോച്ചുകളും എട്ട് എസി ത്രീ ടിയര്‍ കോച്ചുകളും ഒരു സെക്കന്‍ഡ് എസി കോച്ചും നാല് ജനറല്‍ കോച്ചുകളുമാണ് ഈ വണ്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
















