മഴക്കാലത്തെ പനിയും, പകരുന്ന രോഗങ്ങളും വ്യാപകമാകുമ്പോള്‍ ഷിഗെല്ലയും വ്യാപകമായി ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ കോട്ടയത്ത് 4 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുകയാണ്. കോട്ടയം അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരനാണ് ഷിഗെല്ല ബാധ ഉണ്ടായിരിക്കുന്നത്. കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പരത്തുന്ന ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത്. അസുഖബാധിതനായ കുട്ടി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഓഗസ്റ്റ് 6 ന് ഹോട്ടലില്‍നിന്നു ചിക്കന്‍ മന്തി വാങ്ങി കഴിച്ചിരുന്നു. ഈ ആഹാരം കഴിച്ചാണോ കുട്ടിക്ക് അസുഖം പിടിപെട്ടതെന്നു സംശയിക്കുന്നു. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
















