Kerala

കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് ഒരാൾ 62.98 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, കൊടുത്തത് സൈബർ തട്ടിപ്പ് പണം!

പൊലീസ് നിർദേശപ്രകാരം ബാങ്ക് അധികൃതർ ജ്വല്ലറിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ഓൺലൈൻ തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം ഉപയോഗിച്ച് സ്വർണം വാങ്ങിയതിനെ തുടർന്ന് ജ്വല്ലറിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇതേത്തുടർന്ന് ജൂവലറി ഉടമ നൽകിയ പരാതിയിൽ കളമശ്ശേരി പൊലീസ് കേസെടുത്തു. ചെന്നൈ ആസ്ഥാനമായ സ്ഥാപനത്തിന്റെ സെയിൽസ് മാനേജരാണെന്ന് പരിചയപ്പെടുത്തിയ മുഹമ്മദ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സ്ഥാപനത്തിലേക്ക് സ്വർണവും വെള്ളിയും വാങ്ങാനായി കഴിഞ്ഞ ഏഴാം തീയതി ഇയാൾ ജ്വല്ലറിയിലെത്തി. 62.98 ലക്ഷം രൂപയുടെ ഉരുപ്പടികൾ വാങ്ങിയ ഇയാൾ, തുകയായി ഏഴ് തവണകളായി പണം ജൂവലറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.

എന്നാൽ, പൊലീസ് നിർദേശപ്രകാരം ബാങ്ക് അധികൃതർ ജ്വല്ലറിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇതോടെയാണ് കബളിക്കപ്പെട്ട വിവരം ജ്വല്ലറി ഉടമകൾ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടിലേക്ക് കൈമാറിയ പണം സൈബർ തട്ടിപ്പിലൂടെ സ്വരൂപിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നൽകിയത്. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരള രജിസ്ട്രേഷനുള്ള കാറിലാണ് പ്രതി ജൂവലറിയിലെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറിയിലെത്തിയ ആളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.