തെന്നിന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച് ഗ്യാങ്സ്റ്റര്‍ കഥകളുടെ പശ്ചാത്തലത്തില്‍ കയറിവന്ന നടനാണ് യാഷ്. തന്റെ സിനിമകളെല്ലാം വന്‍ ഹിറ്റുകളാണ്. ഇതിന്റെ പിന്നാലെയാണ് പുതിയ സിനിമയായ ടോക്‌സിക് ഒരുങ്ങിയിരിക്കുന്നത്. ക്യാമറാമാനും സംവിധായകനുമായ രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസാണ് ടോക്‌സിക്കിന്റെ സംവിധായിക. ചിത്രത്തില്‍ നയന്‍താര അടക്കം നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ടോക്‌സികിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അതിന്റെ വേദിയും താരങ്ങളുടെ പ്രസംഗവുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി ഓടുന്നുണ്ട്. ട്രെയിലര്‍ ലോഞ്ചിംഗ് വേദിയില്‍ യാഷ് തന്റെ ഭാര്യയുടെ പിന്തുണയും സ്‌നേഹവുമെല്ലാം പ്രത്യേകം എടുത്തു പറഞ്ഞാണ് സംസാരിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
കന്നഡ നടിയായ ഋഷികാ സിംഗാണ് യാഷിനെതിരേ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ടോക്‌സിക് സിനിമയുടെ ട്രെയിലര്‍ കണ്ട ശേഷമാണ് നടി യാഷിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ട്രെയിലറിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള രംഗങ്ങളെ അവര്‍ വിമര്‍ശിച്ചു. അത്തരം രംഗങ്ങളുടെ ഭാഗമാകാനുള്ള യാഷിന്റെ തീരുമാനത്തെ അവര്‍ ചോദ്യംചെയ്തു. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ യാഷിനെ ‘കര്‍ണാടകയില്‍ നിന്ന് പുറത്താക്കും’ എന്നാണ് നടിയുടെ പരാമര്‍ശം. ഇത് യാ,ന്നെ നടന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഋഷികാ സിംഗ് ‘ടോക്‌സിക്’ ട്രെയിലറിനെതിരെയുള്ള തന്റെ അതൃപ്തി തുറന്നു പറഞ്ഞത്. ട്രെയിലറിലെ പ്രണയ രംഗങ്ങളും ഇന്റിമേറ്റ് സീനുകളും തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു.
ഭാര്യയും കുട്ടികളുമുള്ള യാഷില്‍ നിന്നും സ്ത്രീകളോട് ഇതിലും വലിയ ബഹുമാനമാണ് താന്‍ പ്രതീക്ഷിച്ചതെന്ന് അവര്‍ നേരിട്ട് യാഷിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ട്രെയിലറില്‍ കാണിച്ചിരിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങളെയും ദൃശ്യങ്ങളെയും താന്‍ ഒട്ടും അനുകൂലിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോയുടെ അവസാനത്തില്‍ ‘ഐ ആം ടോക്‌സിക്’ എന്ന് അവര്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ഋഷിക പോസ്റ്റ് ചെയ്ത വീഡിയോ അധികം വൈകാതെ തന്നെ വൈറലാവുകയും യാഷിന്റെ ആരാധകര്‍ നടിക്കെതിരെ തിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ട് അഭിനേതാക്കള്‍ അഭിനയിക്കുന്ന ഒരു സാങ്കല്‍പ്പിക സിനിമയിലെ രംഗങ്ങളെ എന്തിനാണ് ഇത്രമാത്രം വ്യക്തിപരമായി എതിര്‍ക്കുന്നത് എന്ന് ആരാധകര്‍ ചോദിക്കുന്നു.
മാത്രമല്ല, ‘ടോക്‌സിക്’ സിനിമയിലെ മറ്റ് വനിതാ അഭിനേതാക്കള്‍ യാഷിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഋഷികയുടെ പഴയ ചില സിനിമാ രംഗങ്ങളും ഫോട്ടോകളും കുത്തിപ്പൊക്കി അവരുടെ വിമര്‍ശനത്തിലെ ഇരട്ടത്താപ്പിനെ ഒരു വിഭാഗം ചോദ്യം ചെയ്യുമ്പോള്‍, മറ്റ് ചിലര്‍ പരസ്യമായി തന്റെ അഭിപ്രായം പ്രകടിപ്പിച്ച നടിയെ അഭിനന്ദിച്ച് പിന്തുണയും അറിയിക്കുന്നുണ്ട്. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകന്‍ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകള്‍കൂടിയാണ് ഋഷികാ സിംഗ്. ‘കള്ള മല്ല സുള്ള’, ‘ബെങ്കി ബിരുഗാളി’, ‘കണ്ഠീരവ’, ‘തുണ്ടാരു’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് അവര്‍
കൂടാതെ ബിഗ് ബോസ് കന്നഡ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു അവര്‍. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ യാഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യാഷ് എത്തുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്‌ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അന്‍പറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കെ.വി.എന്‍. പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
















