Kerala

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

ഗണേഷിന്‍റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും

സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ എസ് എസ്. ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച യോഗം ചേരും. ശക്തമായ നടപടി വേണമെന്നും കൊട്ടാരക്കര NSS താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.എൻ എസ് എസ് സംഘടനയേയും ജനറൽ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗണേഷിന്‍റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ആഗസ്റ്റ് 15 ന് കൂടുന്ന യൂണിയൻ പൊതുയോഗത്തിൽ വച്ച് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി തങ്കപ്പൻ പിള്ളയും സെക്രട്ടറി സി അനിൽകുമാറും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.എൻ എസ് എസ് വിഷയത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഇന്ന് തുടർച്ചയായ വിമർശനങ്ങളുമായി ഗണേഷ് രംഗത്തെത്തിയിരുന്നു. ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍ എസ് എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ടെന്നും അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലമെന്നും ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : NSS Against k b ganesh kumar