Kerala

മന്ത്രിയുടെ പി.എ ആണെങ്കില്‍ സീറ്റ്‌ബെല്‍റ്റു വേണ്ട: MLA ആണെങ്കില്‍ ഒട്ടും വേണ്ട; നിയമം പറക്കട്ടെ ?

മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെയും എംഎല്‍എയുടെയും കാര്‍ യാത്ര. കായിക വകുപ്പ് മന്ത്രി ഒ.ജെ ജനീഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജെയ്‌സണ്‍ ജെയിംസും കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷുമാണ് നിയമങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവ് ചെയ്യുന്ന ജെയ്‌സണ്‍ ജെയിംസ് തനിയെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഡ്രൈവ് ചെയ്ത ജെയ്‌സണും കൂടെ മുന്‍സീറ്റിലിരുന്ന കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സിനിമ പാട്ടിന്റെ പശ്ചാത്തല സംഗീതം ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീല്‍സായി പോസ്റ്റ് ചെയ്യുകയായിരുന്നു. ജനപ്രതിനിധികളും ഭരണഘടനാ പദവിയിലുള്ളവരും ഉള്‍പ്പെട്ട നിയമലംഘന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചു. സംഭവം വിവാദമായതോടെ ജെയ്‌സണ്‍ ജെയിംസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വീഡിയോ നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ദൃശ്യങ്ങള്‍ പ്രചരിച്ചു കഴിഞ്ഞിരുന്നു.