Kerala

‘വന്ദേമാതരം’ ഗാനത്തിന്റെ പേരില്‍ വിദ്വേഷ ഭീഷണിയുമായി ബി.ജെ.പി നേതാവ്; കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം മഴുവന്‍ പാടാന്‍ തയ്യാറാവണം

‘കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. വന്ദേമാതരം പാടിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും’ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ പ്രസംഗത്തിലെ വരികളാണിത്. വിദ്വേഷവും ഭീഷണിയും വെല്ലുവിളിയും നിറച്ച പ്രസംഗം വിവാദമായിരിക്കുകയാണ്. ‘നാളെ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുന്ന സമയത്ത് വന്ദേമാതരം ആദ്യവസാനം പാടാന്‍ വി.ഡി സതീശന്‍ തയ്യാറാവണം. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് വി.ഡി സതീശനെ ഓര്‍മ്മിപ്പിക്കുകയാണെന്നും സുരേഷ് വല്ലുവിളിക്കുന്നുണ്ട്. പ്രസംഗത്തില്‍ മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും കടന്നാക്രമിക്കുകയു ചെയ്യുന്നുണ്ട്.

  • സുരേഷിന്റെ പ്രസംഗം ഇങ്ങനെ

നാളെ രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനമാണ്. ആ സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പാടണോ എന്ന കാര്യത്തില്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന വി.ഡി സതീശന് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. വി.ഡി സതീശനോട് ഞങ്ങള്‍ക്ക് പറയാനുള്ളത് കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്ന നിയമം ശരീഅത്തല്ല. ഡോ.ബി.ആര്‍ അംബേദ്ക്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ ഭരണഘടനയാണ് ഈ കേരളത്തിലുള്ളത് എന്ന് അദ്ദേഹം മനസ്സിലാക്കണം. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഈ രാജ്യത്തിന്റെ രാഷ്ട്രഗീതമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വന്ദേമാതരം ആദ്യവസാനം പാടണമെന്നുള്ളത് ഈ രാജ്യത്തിന്റെ നിയമമാണ്. ആ നിയമം അതേപടി പാലിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തയ്യാറാവുകയാണ് വേണ്ടതെന്നും സുരേഷ് പറഞ്ഞു.

പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയിട്ട് അദ്ദേഹം പറയുന്ന പോലെ ചെയ്യാമെന്ന് വിചാരിച്ചാല്‍ ഈ സ്ഥാനം രാജിവെച്ച് പാണക്കാടന്റെ അടിമപ്പണി ചെയ്യുന്നതാണ് വി.ഡി സതീശന് നല്ലത് എന്നും കൂട്ടിച്ചേര്‍ത്തു. പാണക്കാട്ടെ തങ്ങളെ കുടുംബം വലിയ മതേതര കുടുംബം എന്നൊക്കെയാണ് നമ്മള്‍ ഇതുവരെ കേട്ടിട്ടുണ്ടായിരുന്നത്. ഇന്ന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടം കേരളത്തില്‍ ഭരണത്തില്‍ വന്നതിന് ശേഷം കേരളത്തിലെ ജനസംഖ്യാനുപാതത്തില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയ ശേഷം പാണക്കാട് തങ്ങളുടെ കുടുംബത്തിന്റെ മതേതര മുഖത്തിന് ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു എന്ന് കേരളം മനസ്സിലാക്കണമെന്ന് ബി.ജെ.പി ആവിശ്യപ്പെടുകയാണ്.

അത് കൊണ്ടാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് സവര്‍ക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. സവര്‍ക്കറുടെ പേരില്‍ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. അത്തരത്തിലുള്ള ആവിശ്യങ്ങളൊക്കെ ഉന്നയിക്കുന്നത്. ഇവിടുത്തെ പാണക്കാട് തങ്ങള്‍ കുടുംബത്തിന് ഈ പുതിയ അധികാരം കിട്ടിയപ്പോഴും കേരളത്തിലെ ജനസംഖ്യാനുപാതത്തില്‍ വന്ന മാറ്റവും കണ്ട് എന്തൊക്കെയോ ഈ കേരളത്തില്‍ സാധിച്ചുകളയാമെന്നുള്ള വ്യാമോഹത്തില്‍ നിന്നാണ് എന്ന് മനസ്സിലാകുന്നുവെന്നും സുരേഷ് പ്രസംഗത്തില്‍ പറഞ്ഞു.

 

Latest News