ഉപഭോക്താക്കള്‍ക്കായി സ്വാതന്ത്ര്യദിന-ഓണം ഓഫറുകളും പുതിയ സേവനങ്ങളും ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി നിരന്തരം പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍ എന്ന് വാര്‍ത്താസമ്മേളനത്തെ അഭിസംബോധന ചെയ്യവെ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ (ടെലികോം) ആര്‍. സജി കുമാര്‍ ഐ.ടി.എസ് പറഞ്ഞു. കേരളത്തിലെ മൊബൈല്‍ വിപണിയില്‍ 21% മാര്‍ക്കറ്റ് ഷെയറോടെ ബി.എസ്.എന്‍.എല്‍ ശക്തമായ സാന്നിധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെറ്റ്വര്‍ക്ക് ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ നെറ്റ്വര്‍ക്ക്. കേരളത്തില്‍ നിലവില്‍ 1 കോടിയോളം ഉപഭോക്താക്കള്‍ (86 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളും 8 ലക്ഷത്തോളം ഫൈബര്‍ ടു ഹോം – FTTH ഉപഭോക്താക്കളും) ബി.എസ്.എന്‍.എല്ലിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശീയമായി വികസിപ്പിച്ച 4G സാങ്കേതികവിദ്യ രാജ്യത്തുടനീളം വ്യാപിപ്പിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവില്‍ 7,200-ഓളം 4G ടവറുകളുണ്ട് ഇവ ഘട്ടം ഘട്ടമായി 5G-യിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും സിജിഎം അറിയിച്ചു. ഇന്ത്യയിലൊട്ടാകെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനമെത്തിക്കാന്‍ 25,000 പുതിയ ടവറുകള്‍ കൂടി കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും സിജിഎം പറഞ്ഞു. പുതിയ സിം എടുക്കുന്ന ഉപഭോക്താക്കള്‍ക്കായി 1 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയുള്ള 1 രൂപ ഫ്രീഡം പ്ലാനാണ് ജനപ്രിയ പ്രഖ്യാപനം. പ്രതിദിനം 1GB ഡാറ്റ, 100 SMS, അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവ ഇതില്‍ ലഭ്യമാണ്.
രൂപ 2399-ന്റെ 1 വര്‍ഷ വാലിഡിറ്റിയുള്ള പ്ലാനിനൊപ്പം 47 ദിവസത്തെ അധിക വാലിഡിറ്റി കൂടി നല്‍കി ആകെ 412 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കുന്നുവെന്നും സിജിഎം അറിയിച്ചു.
പുതിയ സിം ബുക്കിംഗ്, FTTH കണക്ഷന്‍ ബുക്കിംഗ്, ബില്‍ പേയ്മെന്റ്, റീച്ചാര്‍ജ് സൗകര്യങ്ങള്‍, ചാറ്റ് ബോട്ട് തുടങ്ങി നിരവധി സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ കൊണ്ട് വരുന്ന സെല്‍ഫ് കെയര്‍ ആപ്പും പുതുതായി അവതരിപ്പിച്ചു. Tango TV-യുടെ സഹകരണത്തോടെ 500-ഓളം ലൈവ് ടിവി ചാനലുകള്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പുതിയ ‘BSNL Selfcare App’ വഴി ലഭ്യമാക്കുന്നു.
സാധാരണ മൊബൈല്‍ സിഗ്‌നലുകള്‍ ലഭിക്കാത്ത വിദൂര പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്ന ഗ്ലോബല്‍ സാറ്റലൈറ്റ് ഫോണ്‍ സേവനവും (GSPS) ബി.എസ്.എന്‍.എല്‍ നല്‍കുന്നുണ്ട്.
രാജ്യത്തെ തദ്ദേശീയ സാങ്കേതിക വിദ്യ മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് ബി.എസ്.എന്‍.എല്‍ -ന്റെ നയം എന്നും സിജിഎം ശ്രീ ആര്‍. സജി കുമാര്‍ ഐ.ടി.എസ് കൂട്ടിച്ചേര്‍ത്തു. പിഐബി ഡയറക്ടര്‍ പാര്‍വതി വി, ബി.എസ്.എന്‍.എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍മാരായ നിര്‍മ്മല്‍ പി.ജി, മീര മാര്‍ഡി, തിരുവനന്തപുരം ജില്ല ജനറല്‍ മാനേജര്‍ ജിതേന്ദര്‍ പ്രകാശ്, ചീഫ് എഞ്ചിനീയര്‍ (സിവില്‍) രാജേന്ദ്ര സിംഗ് ചോങ്കാഡ്, ജനറല്‍ മാനേജരായ കോളിന്‍ ലോറന്‍സ്, രാജേഷ് യു.കെ, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) കെ.ബി.കൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















