നാട്ടിലേക്കുള്ള യാത്രയില്‍ നടന്‍ മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയപ്പോള്‍ സഹായത്തിനെത്തിയത് തമിഴ്‌നാട്ടുകാരന്‍. കാരൈക്കുടി സ്വദേശി പാണ്ഡ്യനാണു രാത്രി 10 കിലോമീറ്ററോളം വഴികാട്ടിയത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരൈക്കുടിയില്‍ നിന്നു കേരളത്തിലേക്കു മടങ്ങുമ്പോഴാണു വഴി തെറ്റിയത്. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും കൂടെയുണ്ടായിരുന്നു. തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക് ചെയ്തിരുന്നു. ഗൂഗിള്‍ മാപ് നോക്കി പല വഴിയിലൂടെ പോയെങ്കിലും വീണ്ടും തെറ്റി. ഓരോ വഴികളിലും ബ്ലോക്കുണ്ടെന്ന് തിരിച്ചറിഞ്ഞ് മറ്റു വഴികളിലൂടെ പോയി ആകെ വഴിതെറ്റി. ഒടുവില്‍ രാത്രി ഏറെ വൈകിയതിനാല്‍ മമ്മൂട്ടി തന്നെ പറഞ്ഞു, തിരിച്ചു കാരൈക്കുടിക്കു പോയിട്ട് രാവിലെ പോകാമെന്ന്. അങ്ങനെ തിരിച്ച് കാരൈക്കുടിയിലേക്ക് പോകും വഴി ഒരു പെട്രോള്‍ പമ്പില്‍ കാറ് കയറ്റി. പട്ടമംഗലം എന്ന സ്ഥലത്ത് പെട്രോള്‍ പമ്പില്‍ വഴി ചോദിച്ചപ്പോള്‍ പമ്പില്‍ നിന്നയാള്‍ കുറേ വഴികള്‍ പറഞ്ഞെങ്കിലും, ആ വഴികളെല്ലാം പോയ ശേഷമാണ് തിരിച്ചു വന്നതെന്ന് മമ്മൂട്ടിയും സംഘവും പറഞ്ഞു. എന്നാല്‍, പെട്രോള്‍ പമ്പിന്റെ ഓരത്ത് കിടന്ന ഒരാള്‍ കാറിനടുത്തേക്കു വന്നു. വഴി തെറ്റിയോ എന്ന് ചോദിച്ചു. കാറില്‍ മമ്മൂട്ടിയെ കണ്ടതോടെ നീങ്ക മമ്മൂട്ടി സാറാ! എന്നെ ഫോളോ സെയ് എന്നു പറഞ്ഞു ബൈക്കില്‍ 10 കിലോമീറ്ററോളം വഴി കാണിച്ചുകൊടുത്തു. തിരിവും വളവുമൊക്കെയുള്ള വഴികള്‍ താണ്ടി ഒടുവില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു. ഇന്ത വഴിയേ നേരേ പോയാല്‍ കേരള പിടിക്കാം. പോകാനുള്ള വഴി കിട്ടിയ സന്തോഷത്തില്‍ ഇരുന്ന സംഘത്തിലെ പിഷാരഡിയാണ് പറഞ്ഞത്, അയാളോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍. നാളെ ആരോടെങ്കിലും മമ്മൂട്ടിക്ക് വഴി പറഞ്ഞു കൊടുത്തെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ലല്ലോ. അതിനുള്ള തെളിവെന്ന പോലെ പാതിരാത്രി മമ്മൂട്ടിയോടൊപ്പമുള്ള ഫോട്ടോ കാണിക്കാമല്ലോ എന്ന്. അതോടെ മമ്മൂട്ടി കാറില്‍ നിന്നിറങ്ങി. ഉങ്ക പേരെന്ന, എന്ന് അയാളോടു ചോദിച്ചു. പാാണ്ഡ്യന്‍ എന്നു പേരു പറഞ്ഞതും, പാണ്ഡ്യ ന്റെ മൊബൈല്‍ പിഷാരഡിക്കു നല്‍കിയ ശേഷം മമ്മൂട്ടി പാണ്ഡ്യന്റെ ഒപ്പം ചേര്‍ന്നു നിന്ന് വീഡിയോ എടുത്തു. പാതി രാത്രിയില്‍ സംഘം നന്ദിയുടെ പറഞ്ഞ് കേരളത്തിലേക്കു പോരുകയും ചെയ്തു.
















