നെടുങ്കണ്ടം എഴുകുംവയലില്‍ മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജീഷിനെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതെല്ലാം കള്ളമാണെന്നും വീട് ഇങ്ങനെയല്ല കിടന്നതെന്നും തനിക്കിട്ടുള്ള പണി ആണിതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞു. വീട്ടിലെത്തിച്ചപ്പോള്‍ പ്രതി ആദ്യം തിരക്കിയത് അമ്മ എവിടെ എന്നാണ്. തികച്ചും വിചിത്രമായ രീതിയിലാണ് കൊലപാതകത്തിന് ശേഷം അജീഷ് പെരുമാറിയത്. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്ന ഇയാള്‍. വീട്ടിനുള്ളിലിരുന്ന് ബൈബിള്‍ വായിക്കുകയും കൈയ്യില്‍ കൊന്ത ജപിക്കുകയുമായിരുന്നു.
തന്റെ മാതാപിതാക്കളെ താന്‍ ‘ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’ എന്നാണ് ഇയാള്‍ അവിടെ എത്തിയവരോട് പറഞ്ഞത്. എ.ഐ ആണ് ചെയ്യിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എല്ലാം തോന്നിപ്പിച്ചതാണെന്നും മായയാണെന്നും തുടങ്ങി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസിനോട് സംസാരിക്കുമ്പോള്‍ താന്‍ നിരപരാധിയാണെന്നും ഇതെല്ലാം കള്ളമാണെന്നും പറഞ്ഞ് ഇയാള്‍ മൊഴി മാറ്റാനും ശ്രമിച്ചു.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി തന്റെ ഒരു ബന്ധുവിന് അയച്ചുകൊടുക്കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ കണ്ട ബന്ധു, പള്ളി വികാരിയെ വിവരമറിയിച്ചു. തുടര്‍ന്ന് വികാരിയും പഞ്ചായത്ത് മെമ്പറും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ലഹരിക്കടിമയായ അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിട്ടതാണ് ഇത്തരമൊരു കൊടുംക്രൂരതയിലേക്ക് നയിച്ചത്. ഇയാള്‍ ഒരു ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നുവെന്നും രണ്ടാഴ്ച മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോള്‍ ആന്റണിയുടെ പ്രായമായ മാതാവും വീട്ടിലുണ്ടായിരുന്നു.