മുതിര്‍ന്ന നടന്‍ മോഹന്‍ വര്‍മ്മയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നടി ലക്ഷ്മിയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ ഭാസ്‌കര്‍. കുട്ടിക്കാലത്ത് മോഹനില്‍ നിന്നും ഒരുപാട് മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും സ്വന്തം അച്ഛനാണെന്ന് വിശ്വസിച്ചിരുന്നതിനാല്‍ എല്ലാം സഹിച്ചുവെന്നും ഐശ്വര്യ പറയുന്നു. നടി സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആദ്യ വിവാഹം പരാജയപ്പെട്ട ശേഷമാണ് ലക്ഷ്മി, മോഹന്‍ ശര്‍മ്മയെ വിവാഹം ചെയ്തത്.
- ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ
എന്റെ ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. അച്ഛനെ കണ്ട ഓര്‍മ പോലും എനിക്കുണ്ടായിരുന്നില്ല. അതിനുശേഷം ഞാന്‍ വളര്‍ന്നത് മുത്തശ്ശിയ്ക്കൊപ്പമാണ്. അമ്മ എനിക്കൊരു അച്ഛനെ പോലെയായിരുന്നു. അക്കാലത്ത് അമ്മയ്ക്ക് ഷൂട്ടിങ് തിരക്കുകളാണ്. എനിക്കുള്ള കളിപ്പാട്ടങ്ങളും ഡ്രസ്സുകളുമൊക്കെയായി വരുന്ന അച്ഛനെ പോലെയാണ് അന്ന് ഞാന്‍ അമ്മയെ കണ്ടത്. എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും പഠിപ്പിക്കുന്നതും തെറ്റുകള്‍ കണ്ടാല്‍ വഴക്ക് പറയുന്നതും തല്ലുന്നതും എല്ലാം മുത്തശ്ശിയായിരുന്നു. എന്റെ എട്ടാം വയസസിലാണ് അമ്മയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. അത് എന്റെ സ്വന്തം അച്ഛനാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്.
ഞങ്ങള്‍ ഒരുമിച്ച് മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ മുത്തശ്ശി ഫാം ഹൗസിലേക്ക് മാറി. അമ്മ അപ്പോഴും ഷൂട്ടിങ് തിരക്കുകളിലായിരുന്നു. എന്നെ അച്ഛന്‍ എന്ന് വിശ്വസിപ്പിച്ച ആളുടെ അടുത്താക്കിയാണ് അമ്മ പോകുന്നത്. എനിക്ക് സ്പോര്‍ട്സ് പറഞ്ഞ് തരുന്നതും പട്ടുപാവാട വാങ്ങി തരുന്നതും എല്ലാം അദ്ദേഹമാണ്. അത് എന്റെ അച്ഛനാണെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ തല്ലുമ്പോള്‍ അച്ഛനല്ലേ എന്നാണ് കരുതിയത്. തല്ല് എന്ന് പറഞ്ഞാല്‍ ചെറിയ തല്ലൊന്നുമല്ല തല്ലി തല്ലി ശരീരത്തില്‍ പാടുകള്‍ വരുന്നത് വരെ തല്ലും. പക്ഷെ ഞാനത് ആരോടും പറഞ്ഞില്ല. എന്റെ അച്ഛനല്ലേ തല്ലുന്നത് എന്ന വിശ്വാസമായിരുന്നു. അമ്മയോട് പറഞ്ഞാല്‍ അമ്മയ്ക്കും അയാള്‍ക്കുമിടയില്‍ പ്രശ്നം വരുമോ എന്നോര്‍ത്ത് അവിടെയും പറഞ്ഞില്ല. അതിനിടയില്‍ എന്നെ സ്‌കൂള്‍ മാറ്റി.
അവിടെ വെച്ച് സീനിയറായ ചേച്ചിമാരില്‍ നിന്നും കാരണമില്ലാതെ തല്ല് വാങ്ങിയിരുന്നു. രണ്ടിടത്ത് നിന്നും തല്ല് വാങ്ങി. വളരെ ട്രോമ നിറഞ്ഞ കാലം. അതേ സമയം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ സ്നേഹനിധിയായ അച്ഛനാണ് അയാള്‍. അമ്മ ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ ഞങ്ങളെ പുറത്ത് കൊണ്ടുപോകും ഷോപ്പിങിന് കൊണ്ടുപോകും ഫാമിലിയായി അമ്മ ഹാപ്പിയായിരുന്നു. ആ സന്തോഷം കളയരുത് എന്നും ഞാന്‍ കരുതി. ഒരിക്കല്‍ മുത്തശ്ശി വന്നു. അമ്മയും മുത്തശ്ശിയും എന്നെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുമ്പോഴാണ് ശരീരത്തിലെ പാട് കണ്ടത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞില്ല.
പിന്നെ അച്ഛന്‍ തല്ലിയതാണെന്ന് പറഞ്ഞു. അന്ന് എന്റെ മുത്തശ്ശി അയാള്‍ക്ക് വാര്‍ണിങ് നല്‍കി. അതിനുശേഷം മാതൃകാപരമായ അച്ഛനായിരുന്നു തല്ലിയിട്ടില്ല. പിന്നീടവര്‍ വേര്‍പിരിയുകയും ചെയ്തു. അന്ന് അത് എന്റെ രണ്ടാനച്ഛനാണ് എന്നെനിക്ക് അറിയില്ലായിരുന്നു. സ്വന്തം അച്ഛനാണെന്ന് കരുതിയാണ് അത്രയും സഹിച്ചതെന്നും ഐശ്വര്യ പറഞ്ഞു

















