ഇറാനെ പരാജയപ്പെടുത്തി ഹോര്‍മുസ് കടലിടുക്കിനെ അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് കേവലമൊരു ട്വീറ്റ് കൊണ്ടോ വിമാനവാഹിനിക്കപ്പല്‍ കൊണ്ടോ കീഴടക്കാനാവില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഘരിബാബാദി വ്യക്തമാക്കി. ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് ഇറാന്റെ അനുമതിപ്രകാരമേ തുറന്നുപ്രവര്‍ത്തിക്കൂവെന്നും കാസിം വ്യക്തമാക്കി. ഫെബ്രുവരി 28ന് ഇസ്രായേലുമായി ചേര്‍ന്ന് യുഎസ് സൈന്യം ആക്രമിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു.
‘ഇറാനെ പരാജയപ്പെടുത്തിയതിന് ശേഷം അധികം വൈകാതെ ഹോര്‍മുസിനെ അമേരിക്കന്‍ പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ഇതെങ്ങനെ ശരിയാകും? ഇത്തരമൊരു ട്വീറ്റ് കൊണ്ടുമാത്രം ഹോര്‍മുസ് കീഴടക്കാനൊക്കുമോ? തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം കൊണ്ടോ, ഏതെങ്കിലും ഉത്തരവിനാലോ, വിമാനവാഹിനി കപ്പലുകൊണ്ടോ കീഴടക്കാനാവുന്നതല്ല ഹോര്‍മുസ്.’ ഇറാന്‍ ഉപവിദേശകാര്യമന്ത്രി എക്‌സില്‍ വ്യക്തമാക്കി.
‘യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ഒരുതവണ കൂടിയിത് ആവര്‍ത്തിക്കാം, നിങ്ങളൊരുപാട് കനത്ത പരാജയങ്ങള്‍ ഇതിനോടകം ഏറ്റുവാങ്ങിയിരിക്കുന്നു. ഇനിയുമത് അംഗീകരിക്കാന്‍ ഭാവമില്ലാത്ത പക്ഷം, ഇറാന്റെ ഉപരോധം തുടരും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെ പരാജയപ്പെടുത്തി ഹോര്‍മുസ് കടലിടുക്കിനെ അമേരിക്കന്‍ പ്രദേശമാക്കി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ ആണവായുധ ശേഷി തടയുന്ന നീക്കങ്ങള്‍ അമേരിക്കയില്‍ ഇന്ധനവിലയും പണപ്പെരുപ്പവും വര്‍ധിപ്പിക്കുമെന്ന ആശങ്ക ശരിയല്ലെന്നും ട്രംപ് ഇന്ന് പറഞ്ഞിരുന്നു. നേരത്തെ, ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരികയുണ്ടായി.