News

രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്നു; ലൈസൻസ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

എക്‌സൈസ് രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്ന് പ്രവർത്തിച്ചതിൽ കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ രാജ് റീഗൽ ബാറിന്റെ ലൈസൻസ് റദ്ദാക്കാനാണ് മന്ത്രി നിർദേശം നൽകിയത്. വീഴ്ചവരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഫീൽഡ് ഓഫീസർമാർ അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം.

വിഷയത്തിൽ നടപടി സ്വീകരിച്ച് അടിയന്തരമായി അറിയിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കമ്മീഷണർക്ക് നിർദ്ദേശം നൽകി. നിയമവിരുദ്ധമായി അതിരാവിലെ പ്രവർത്തിച്ച ബാർ എക്‌സൈസ് മിന്നൽ പരിശോധനയിൽ പൂട്ടിച്ചിരുന്നു. പിന്നാലെ വൈകുന്നേരത്തോടെ ബാർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ ബാറുകൾ സംസ്ഥാനത്തെ മറ്റ് ബാറുകളുടെ സമയക്രമത്തിന് അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ എക്‌സൈസ് മന്ത്രി എം ലിജു വിമർശിച്ചിരുന്നു. അതിരാവിലെ മുതൽ തുറന്നുപ്രവർത്തിക്കുന്ന ബാറുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന നിർദേശവും മന്ത്രി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ കോട്ടയം മണർകാട് പ്രവർത്തിക്കുന്ന രാജ് റീഗൽ ബാറിൽ പുലർച്ചെ എക്‌സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

പരിശോധനയിൽ അഞ്ചുമണി മുതൽ ബാറിൽ മദ്യ വില്പന നടത്തുന്നതായി കണ്ടെത്തുകയും അതിനെതുടർന്ന് ബാർ പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വൈകുന്നേരം വീണ്ടും എക്‌സൈസ് നിർദേശങ്ങൾ അവഗണിച്ച് ബാർ തുറന്ന് പ്രവർത്തിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ മന്ത്രി ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദേശം നൽകുകയും അടച്ച ബാർ വീണ്ടും തുറക്കാൻ കാരണം എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിലയിരുത്തുകയും ചെയ്തു.