ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതിലും നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടി. ബില്ലുകളില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതിനും തെളിവുകളുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറിയും മഹിളാ മോര്‍ച്ച നേതാവുമായ അഞ്ജന രഞ്ജിത്ത് ഏജന്‍സി ഉടമയോട് ഓഫീസിലെത്താന്‍ ആവശ്യപ്പെടുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്.
കൂടുതല്‍ വാഹനങ്ങള്‍ക്കായി മറ്റൊരു ഏജന്‍സിയെക്കൂടി ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സംഭാഷണത്തിനിടെ 18 വണ്ടി വേണമെന്നാണ് അഞ്ജന രഞ്ജിത്ത് ആവശ്യപ്പെടുന്നത്. ‘സ്‌പൈസ് കോക്കോ’ എന്ന സ്ഥാപനത്തില്‍ നിന്നാണ് ബിജെപി നേതൃത്വം ആദ്യം വാഹനങ്ങള്‍ എടുത്തിരുന്നത്. പിന്നീട് കൂടുതല്‍ തുക വാടക കാണിച്ച് ‘ശബരി’ എന്ന ട്രാവല്‍സുമായി അഞ്ജന കരാറില്‍ എത്തുകയായിരുന്നു.
പുറത്തുവന്ന സംഭാഷണത്തിൽ ഏജന്‍സി നല്‍കിയ ബില്ലില്‍ വ്യാജ ജിഎസ്ടി നമ്പറാണ് നല്‍കിയിരിക്കുന്നതെന്നും ഇത് വ്യക്തമാക്കാനായി ഏജന്‍സി ഉടമയോട് ബിജെപി ഓഫീസിലെത്തണമെന്നും അസിസ്റ്റന്റ് ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമെ പാര്‍ട്ടി കൊടി വാങ്ങിയതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് എസ്പിജി വാഹനങ്ങള്‍ സുരക്ഷക്കായി നല്‍കിയതിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ കമ്മീഷനാണ് പാര്‍ട്ടിയിലെ ഫണ്ട് തട്ടിപ്പ് അന്വേഷിക്കുന്നത്. നേരത്തെ അഞ്ജന രഞ്ജിത്തിനെ കമ്മീഷന്‍ വിളിച്ചുവരുത്തിയിരുന്നു. പണം തിരികെ നല്‍കണമെന്നും ഒന്നരകോടി രൂപ തിരികെ അടച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു.

















