News

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി പാർട്ടി ചുമതലകൾ ഏറ്റെടുത്ത എല്ലാ ഭാരവാഹികളെയും അദ്ദേഹം എക്സിലൂടെ അഭിനന്ദിച്ചു. സംഘടനാ മികവും അനുഭവപരിചയവും ഊർജ്ജസ്വലതയും ജനകീയ അടിത്തറയുമുള്ള മികച്ചൊരു നിരയാണ് പുതിയതായി നിലവിൽ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജന സേവനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്നും, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഈ പുതിയ നേതൃനിര തികഞ്ഞ സമർപ്പണത്തോടെ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ആശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിൽ അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഈ നിര സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഓരോ അംഗവും രാഷ്ട്രനിർമ്മാണത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളിൽ കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ ഇടംപിടിച്ചു. ദേശീയ സെക്രട്ടറി സ്ഥാനമാണ് സുരേന്ദ്രന് ലഭിച്ചിരിക്കുന്നത്. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായും, രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ഉപാധ്യക്ഷന്മാരുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട്. അതേസമയം, നിലവിൽ ദേശീയ വൈസ് പ്രസിഡന്റായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ആ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. ബി.എൽ. സന്തോഷ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരുമ്പോൾ, ഹേമന്ത് ജോഷിയാണ് പുതിയ യുവമോർച്ച അധ്യക്ഷൻ.