മാസപ്പടി കേസില്‍ ഇഡി രാഷ്ട്രീമായി വേട്ടയാടുകയാണെന്ന് മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോളജ് പഠനകാലം മുതല്‍ പരിചയമുള്ള സുഹൃത്തുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും ഇഡി രാവിലെ മുതല്‍ രാത്രി വരെ പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. കരാര്‍ പ്രകാരം സേവനം നല്‍കി അക്കൗണ്ട് വഴി പണം വാങ്ങിയ വിഷയമാണിത്. ഈ വിഷയത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ നിയമപരമായി നേരിടാന്‍ തീരുമാനിച്ചതിനാലാണ് കൂടുതല്‍ പ്രതികരിക്കാതിരുന്നതെന്നും റിയാസ് പറഞ്ഞു.
പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം തിരുവനന്തപുരത്തും കോഴിക്കോട്ടും റെയ്ഡുകള്‍ നടന്നു. എന്നാല്‍ ഈ പരിശോധനകളില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റെയ്ഡിനിടെ ടൈപ്പ് റൈറ്റര്‍ ഉള്ളിലേക്ക് കൊണ്ടുപോയപ്പോള്‍ അത് നോട്ട് എണ്ണുന്ന മെഷീന്‍ ആണെന്ന രീതിയില്‍ വരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വീണ ‘ലേക്കര്‍’ എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത് പുതിയ സ്ഥാപനമല്ലെന്നും നോമിനേഷന്‍ പേപ്പറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണെന്നും റിയാസ് പറഞ്ഞു. ഭരണഘടനാപരമായി ബിസിനസ് നടത്താന്‍ വീണയ്ക്ക് സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാരിനെയോ മറ്റ് കാര്യങ്ങളെയോ സ്വാധീനിച്ച് ബിസിനസ് നടത്തുന്നുണ്ടോ എന്നത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയമായും നിയമപരമായും തന്നെ നേരിടുമെന്നും റിയാസ് പറഞ്ഞു.
പുകമറ സൃഷ്ടിച്ച് സംശയനിഴലില്‍ നിര്‍ത്താനാണ് ശ്രമം. ഇഡിയെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മുമ്പും വ്യക്തമാക്കിയതാണ്. ഒളിച്ചോടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും റിയാസ് വ്യക്തമാക്കി.

















