Crime

ഇൻഷുറൻസ് പോളിസി പുതുക്കൽ: അധ്യാപകന്റെ ഒരുലക്ഷം രൂപ തട്ടിയെടുത്തു

കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോൺ കോളിലൂടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട.കോളേജ് അധ്യാപകനുമാം ഡോ. അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് പറഞ്ഞ് വ്യാജ കോളിലൂടെ തട്ടിയെടുത്തത്.
ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. റോഷ്നി ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് ഫോണിൽ ബന്ധപ്പെട്ടത്.

2017-ൽ എടുത്ത പോളിസി ലാപ്‌സായെന്നും അത് പുതുക്കാൻ അവസരമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐ.ആർ.ഡി.എ.ഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. പോളിസി പുതുക്കുന്നതിന് രണ്ട് പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത സൃഷ്ടിച്ചത്.

ഇതു വിശ്വസിച്ച് പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽ നിന്ന് തുക കൈമാറി. പിന്നീട് സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് അനിൽ കുമാർ തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. സൈബർ പൊലീസിന് പരാതി നൽകി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.