തിരുവനന്തപുരം: മൂന്ന് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ശരത് ചന്ദ്രനാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. നിയമനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകി. വി.ഡി. സർക്കാർ അധികാരത്തിലെത്തിയിട്ട് മൂന്നുമാസമായിട്ടും മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലാതിരുന്നത് നേരത്തെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രന്റെ നിയമനത്തിന് മുഖ്യമന്ത്രി ആദ്യം അംഗീകാരം നൽകാതിരുന്നതാണ് നടപടികൾ വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
വാർത്താസമ്മേളനങ്ങളിൽ ഉൾപ്പെടെ പലതവണ മാധ്യമപ്രവർത്തകർ ഇക്കാര്യം മന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദേശിക്കാൻ മന്ത്രി തയ്യാറാകാതിരുന്നതോടെ ഒടുവിൽ ശരത് ചന്ദ്രന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.
നിലവിൽ സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാൽ എംഎൽഎയായിരുന്ന കാലത്ത് പിഎയായും പിന്നീട് മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ളയാളെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അതൃപ്തിയുണ്ടായിരുന്നുവെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.

















