ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചൻ. ബച്ചൻ കുടുംബത്തിലെ താര ദമ്പതികളെക്കുറിച്ചുള്ള വാർത്തകൾ ആളുകൾ ഏറെ കൗതുകത്തോടെയാണ് കാണാറുള്ളത്. ഇപ്പോളിതാ തങ്ങളുടെ പ്രണയം ആദ്യമായി മൊട്ടിട്ടത് എവിടെയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചൻ. പ്രോ കബഡി ലീഗിൽ ജയ്പൂർ ഫ്രാഞ്ചൈസി ടീം സ്വന്തമാക്കിയതിന് പിന്നിലെയാണ് കുടുംബപരവും വൈകാരിക പരിസരത്തെക്കുറിച്ച് അഭിഷേക് ബച്ചൻ മനസ് തുറന്നത്. പി.ഡബ്ല്യു.സി ഇന്ത്യ ചെയർപേഴ്‌സൺ സഞ്ജീവ് കൃഷ്ണന്റെ ‘ഫ്യൂച്ചർ അൺപ്ലഗ്ഗ്ഡ്’ പോഡ്കാസ്റ്റിലാണ് അഭിഷേക് തന്റെ കബഡി ടീമിന് പിന്നിലെ വൈകാരിക കഥ വ്യക്തമാക്കിയത്.
പ്രോ കബഡി ലീഗിൽ ജയ്പൂർ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമിനെ അഭിഷേക് സ്വന്തമാക്കിയിരുന്നു. ജയ്പൂർ പിങ്ക് പാന്തേഴ്‌സ് എന്നാണ് ടീമിന് നൽകിയ പേര്.
തന്റെ ആദ്യ ചിത്രമായ ‘റഫ്യൂജി’യുടെ ചിത്രീകരണം നടന്ന നഗരങ്ങളിലൊന്നായ ജയ്പൂരുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന് അഭിഷേക് പറഞ്ഞു. ഐശ്വര്യ റായിയുമായുള്ള പ്രണയം ആരംഭിച്ചത് ജയ്പൂരിൽ വെച്ചാണ്. അതിനാൽ പുതിയൊരു സംരംഭത്തിന് തുടക്കമിടാൻ ഈ നഗരം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടീമിന്റെ പേരിന് പിന്നിലും കുടുംബവുമായുള്ള ബന്ധമുണ്ടെന്ന് അഭിഷേക് വെളിപ്പെടുത്തി. ടീം രൂപീകരിക്കുന്ന സമയത്ത് മകൾ ആരാധ്യയുടെ പ്രിയപ്പെട്ട നിറം പിങ്ക് ആയിരുന്നു. ഐശ്വര്യ റായ് 2009-ൽ അഭിനയിച്ച ‘ദി പിങ്ക് പാന്തർ 2’ എന്ന ചിത്രത്തിൽ നിന്നാണ് ‘പിങ്ക് പാന്തർ’ എന്ന പേര് സ്വീകരിച്ചത്. ടീമിന്റെ ലോഗോയിലുള്ള പിങ്ക് പാന്തറിന്റെ കണ്ണുകൾക്ക് ഐശ്വര്യയുടേത് പോലെ നീലയും പച്ചയും കലർന്ന നിറമാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
2014-ൽ ആരംഭിച്ച പ്രോ കബഡി ലീഗിലെ എട്ട് ഫ്രാഞ്ചൈസികളിലൊന്നാണ് ജയ്പൂർ പിങ്ക് പാന്തേഴ്‌സ്. കബഡിക്ക് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്.സിയുടെ ഉടമസ്ഥരിൽ ഒരാളായ അഭിഷേക്, വ്യാഴാഴ്ച ആരംഭിച്ച യൂറോപ്യൻ ടി-20 പ്രീമിയർ ലീഗിന്റെ സഹസ്ഥാപകൻ കൂടിയാണ്.
ഷാരൂഖ് ഖാൻ നായകനാകുന്ന ‘കിങ്’ ആണ് അഭിഷേക് ബച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് അഭിഷേക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിൽ എത്തും.

















