എംഎല്‍എമാര്‍ക്ക് അപകടം സംഭവിച്ചാല്‍ 20 ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു രൂപ പോലും ക്ലെയിം ചെയ്തിട്ടില്ല. 140 എംഎല്‍എമാര്‍ക്കുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എട്ട് ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ പ്രീമിയമായി അടച്ചത്. നിയമസഭാ സാമാജികര്‍ക്ക് പരിധിയില്ലാതെ മെഡിക്കല്‍ റീഇമ്പേഴ്‌സ് അനുവദിക്കുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി വഴിയാണ് നിയമസഭാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കായി അപകടഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ അംഗത്തിനും ഇരുപത് ലക്ഷം രൂപ വീതമുള്ള അപകട പരിരക്ഷയാണ് പോളിസി പ്രകാരം ഉറപ്പാക്കിയിട്ടുള്ളത്.
അഞ്ച് വര്‍ഷത്തിനിടെ ആകെ 8,24,451/- രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് പ്രീമിയമായി ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കി. 24 മണിക്കൂറും പ്രാബല്യത്തിലുള്ള ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി പ്രകാരം മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്, സ്പീക്കര്‍,മന്ത്രിമാര്‍ ഉള്‍പ്പെടെ മുഴുവന്‍ സാമാജികരും ഈ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുന്നവരാണ്. അതേസമയം പോളിസിയിലെ കര്‍ശന നിബന്ധനകളാണ് ക്ലെയിം ചെയ്യാത്തതിന് കാരണം. അപകട മരണം പൂര്‍ണമായോ ഭാഗികമായോ ഉള്ള അവയവനഷ്ടം അഥവാ വൈകല്യം എന്നിവയ്ക്ക് മാത്രമാണ് ഇതില്‍ പരിരക്ഷയുള്ളത്. എന്നാല്‍ ആശുപത്രിയിലെ ചികിത്സാ ചെലവുകള്‍ക്കോ താല്‍ക്കാലിക വൈകല്യങ്ങള്‍ക്കോ ഇതില്‍ കവറേജില്ല. തൃക്കാക്കര എംഎഎല്‍എ ഉമാ തോമസിന് അപകടം പറ്റിയപ്പോഴും തുക ക്ലെയിം ചെയ്യാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണ്.
സാമാജികര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താതെ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ 38 കോടിയോളം രൂപ ചെലവഴിച്ചതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. നിലവിലെ പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുന്ന രീതിയിലേക്ക് മാറ്റിയാല്‍ റീഇംബേഴ്‌സ്‌മെന്റിലൂടെ സര്‍ക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും വലിയൊരു തുക ലാഭിക്കാനും കഴിയും.

















