ഡി.വൈ.എഫ്.ഐ അടിമുടിമാറണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍. ജെന്‍സി കാലഘട്ടത്തിനനുസരിച്ച് സംഘടനക്ക് മാറ്റം വരണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ വസ്ത്രധാരണത്തില്‍ പോലും മാറ്റം വരണമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാതൃകയാക്കണമോയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സംഘടനക്കുള്ളില്‍ ഉള്ളവരും പുറത്തുള്ളവരുമായ ആരും ലഹരി ഉപയോഗിച്ചാല്‍ പ്രോത്സാഹിപ്പിക്കരുത്. ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാനും അകറ്റിനിര്‍ത്താനും ഡിവൈഎഫ്‌ഐ ശ്രദ്ധിക്കണം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതൃത്വം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകള്‍ ഏറ്റെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തല്‍.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ, പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള പൊതു ചര്‍ച്ച ഇന്ന് നടക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തെ പിന്നോട്ട് അടിച്ചു എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ സ്വയം വിമര്‍ശനം. സംഘടനയുടെ പ്രവര്‍ത്തനത്തിലെ വിമര്‍ശനത്തിനൊപ്പം, എല്‍.ഡി.എഫ് ഭരണത്തിനെതിരെയും വിമര്‍ശനം പൊതു ചര്‍ച്ചയിലും ഉണ്ടായേക്കും. റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ഇക്കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട് .
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെയം രൂക്ഷ വിമര്‍ശമുയര്‍ന്നു. പിഎം ശ്രീ വിഷയത്തിലടക്കം നേതൃത്വം മൗനം പാലിച്ചത് ശരിയായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ റവാഡാ ചന്ദ്രശേഖരനെ ഡി.ജി.പി ആക്കിയപ്പോള്‍ ഡി.വൈ.എഫ്.ഐ എതിര്‍ത്തില്ല. കൂത്തുപറമ്പ് സഖാക്കളെ ഡി.വൈ.എഫ്.ഐ നേതൃത്വം മറന്നുവെന്ന് കണ്ണൂര്‍ ഘടകം കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ക്ക് നാളെയാണ് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് മറുപടി നല്‍കുക . നാളെ ഉച്ചയോടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് തൃശൂരിലെത്തും. നിലവിലെ ധാരണ പ്രകാരം എം.എം വിജിന്‍ എം.എല്‍.എ സംസ്ഥാന സെക്രട്ടറിയും, ചിന്താ ജെറോം സംസ്ഥാന പ്രസിഡന്റും ആകും. കടുത്ത വിമര്‍ശങ്ങള്‍ ഉയരുകയാണെങ്കില്‍ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

















