പാര്‍ട്ടി ജെന്‍ സി ആകണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. പരമ്പരാഗത സമരരീതികളും പ്രവര്‍ത്തനശൈലിയും ഉപേക്ഷിച്ച് ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം. നേതാക്കളെ കണ്ടല്ല മുദ്രാവാക്യങ്ങള്‍ കണ്ടാണ് യുവജനങ്ങള്‍ അണിനിരക്കുന്നതെന്നും വിമര്‍ശനമുണ്ട്. വിദ്യാര്‍ത്ഥി യുവജന പരിപാടികളില്‍ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടകരായി പോകരുതെന്നും പറയുന്നുണ്ട്. ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം. സിജെപി സമരം നേതാക്കളെ അവിടേക്ക് അടുപ്പിച്ചിട്ടില്ല. അജിത് കൊളാടി, കൃഷ്ണദാസ് തുടങ്ങിയവരാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം, നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആകണമെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായം. ഉപനേതൃസ്ഥാനം നല്‍കില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതോടെ എന്തു ചെയ്യുമെന്ന് ചോദിച്ചുകൊണ്ടാണ് നേതാക്കള്‍ ഈ അഭിപ്രായം ഉന്നയിച്ചത്. എല്‍ഡിഎഫ് എന്നാല്‍ സിപിഐഎം എന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി യോഗം ചേരുന്നത് നീണ്ടു പോയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു തവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്നാണ് സിപിഎം നിലപാട്. അതില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറാവണമെന്ന നിലപാടാണ് ഘടകകക്ഷികള്‍ക്കുള്ളത്.
Story Highlights : Demand raised at the CPI State Council for the party to become ‘Gen Z’
















