കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല പേരുമാറ്റത്തിന് ശിപാര്‍ശ നല്‍കിയതെന്നും ‘കൊച്ചി മെട്രോ’ എന്ന പേരില്‍ തന്നെ സര്‍വീസ് തുടരുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളില്‍ മെട്രോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഒറ്റ കമ്പനി ആയിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ പൊതുവായ മാര്‍ഗനിര്‍ദേശം. കേരളത്തില്‍ മറ്റ് മെട്രോ പദ്ധതികള്‍ വരുന്നതിനാലാണ് ‘കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേര് മാറ്റുന്ന കാര്യം പരിഗണനയില്‍ വന്നത്.
കമ്പനിയുടെ പേര് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയാണെങ്കില്‍ കെഎംആര്‍എല്‍ തുടര്‍നടപടികളിലേക്ക് കടക്കില്ല. കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചത്. കൊച്ചിയിലെ മെട്രോ സര്‍വീസുകള്‍ക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ശിപാര്‍ശ.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് ലാഭത്തിലോടുകയാണ് കമ്പനി. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവയും കെഎംആര്‍എല്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആര്‍എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവര്‍ത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ ‘കേരളം മെട്രോ റെയില്‍’ എന്ന പുതിയ പേര് നിര്‍ദേശിച്ചതെന്ന് ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു.
അതേസമയം നാഗ്പൂര്‍ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ എന്ന പേരിലും, ലഖ്നൗ മെട്രോ ‘ഉത്തര്‍പ്രദേശ് മെട്രോയായും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടര്‍ന്നാണ് കെഎംആര്‍എല്‍ ശിപാര്‍ശ നല്‍കിയത്.എന്നാല്‍ പേരുമാറ്റ ശിപാര്‍ശയില്‍ എതിര്‍പ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു. ‘കേരളം മെട്രോ’ എന്ന പുനര്‍നാമകരണം വിചിത്രമെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു.

















