ഇ ഡി കേസ് പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ചതിൽ പൊലീസിന് വീഴ്ച എന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കും. എന്ത് നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവർത്തകർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തി റീൽസ് ചിത്രീകരിച്ചത് വിവാദമായ സംഭവത്തിൽ അന്വേഷണം നടത്താൻ എഡിജിപി പി വിജയൻ നിർദേശം നൽകിയിരുന്നു.
പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനൊപ്പം പങ്കുചേർന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിർത്തി. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി. ഇതടക്കമുള്ള കാര്യങ്ങൾ സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്. ദക്ഷിണ മേഖല IGക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ തുടർനടപടികൾ സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഭരണം മാറിയത് അറിയാത്ത ചിലയാളുകൾ ഇപ്പോഴും സേനയിൽ ഉണ്ടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. അതിൻറെ ദോഷമാണെന്നും മന്ത്രിയുടെ പരിഹാസം. അതേസമയം, ഐപി ബിനു പൊലീസുകാരുടെ സമാന നിറത്തിലുള്ള ഷർട്ട് ഇട്ടതിൽ പൊലീസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. പൊലീസുകാർ വസ്ത്രം വാങ്ങി നൽകിയെന്നതിന് തെളിവില്ല. അതേസമയം ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
Story Highlights : Onam celebrations of ED accused in front of police station investigation report says serious lapse by museum police

















