പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗളൂരുവിലെ മൈസൂരുമായി ചേർക്കുന്നതിലെ യുഡിഎഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. യുഡിഎഫ് എംപിമാർ പാലക്കാട് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കാൻ പോവുകയാണെന്ന് അറിഞ്ഞു. സുഹൃത്തുക്കളെ, പ്രതിഷേധിക്കേണ്ടത് ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിലാണെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു. അതും കേരള സർക്കാരിന്റെ അഭിമുഖ്യത്തിൽ നമ്മൾ എല്ലാവരും ഒന്നിച്ചാണ് പ്രതിഷേധിക്കേണ്ടത്.
അല്ലാതെ പാലക്കാട് പ്രതിഷേധിച്ചാൽ ഡിവിഷൻ വെട്ടിമുറിച്ച യഥാർത്ഥ പ്രതികളും ഉത്തരവാദപ്പെട്ടവരും അത് എങ്ങനെ അറിയാനാണ്? പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കപ്പെടുമ്പോൾ തകരുന്നത് കേരളത്തിന്‍റെ റെയിൽവേ സ്വപ്നങ്ങളാണ്. അതുകൊണ്ട് കേരള സർക്കാർ മുൻകൈയെടുത്ത് അടിയന്തര തീരുമാനമെടുക്കണം. എവിടെ പ്രതിഷേധിക്കാനും പ്രക്ഷോഭം നടത്താനും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സംയുക്തമായി പ്രതിഷേധിക്കാം, പ്രതിരോധിക്കാമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്‍റെ തിരിച്ചടി കർണാടകത്തിന് നേട്ടമാണ്. മൈസൂരു റെയിൽവേ ഡിവിഷന്റെ വരുമാനം വർധിക്കും. വാർഷിക വരുമാനത്തിൽ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാൽ, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തിൽ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയിൽവേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട് ഡിവിഷന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും.

















