അകാലത്തിൽ അന്തരിച്ച, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രനേതാവായിരുന്ന സനുമഠത്തിലിൻ്റെ അമ്മയ്ക്ക്, ഓണക്കാലത്ത് സമ്മാനവുമായി എത്തുന്ന പതിവ് നവയുഗം ഇത്തവണയും തെറ്റിച്ചില്ല.
സനുവിന്റെ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂർ , രാജൻ കായംകുളം എന്നിവർ ചേർന്ന് സനുമഠത്തിലിൻ്റെ അമ്മക്ക് ഓണപ്പുടവയും സമ്മാനങ്ങളും കൈമാറി.
സനുവിന്റെ ഭാര്യ , മകൻ , മറ്റു കുടുംബാംഗങ്ങൾ, നവയുഗം കേന്ദ്രകമ്മറ്റിയുടെ മുൻസെക്രട്ടറിയായിരുന്ന കെ ആർ അജിത്ത്, നവയുഗം കുടുംബാംഗങ്ങളായ സീനത്ത് റഷീദ്, രവി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു. 16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നിര്യാതനായത്.

















