ബൈക്ക് യാത്രികനെ രക്ഷിക്കാനായി വെട്ടിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് കൂത്താട്ടുകുളം-പിറവം റോഡില്‍ കാക്കൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 20ഓളം പേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ബസ് അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയാണ് മറിഞ്ഞത്. ഇന്‍ഡിക്കേറ്ററോ, റോഡ് മുറിച്ചു കടക്കുന്നുവെന്ന ഒരു സൂചനയും നല്‍കാതെ വന്ന ബൈക്കാണ് പെട്ടെന്നു തിരിഞ്ഞത്. ഇതോടെ നേരെ എതിര്‍ ദിശയിലേക്ക് ബസ് ഡ്രൈവര്‍ വെട്ടിയൊഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് പതിയെ പെട്രോള്‍ പമ്പിലേക്ക് കയറി മറിയുകയും ചെയ്തു.
ഇന്നു രാവിലെ 10.25 നായിരുന്നു അപകടം. വിവാഹത്തില്‍ പങ്കെടുക്കാനായി 35ഓളം പേരുമായി പിറവത്തുനിന്ന് ഇലഞ്ഞിയിലേക്കു പോവുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ആര്‍ക്കും നില ഗുരുതരമല്ല. ഇവരെ കൂത്താട്ടുകുളത്തെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൂചന നല്‍കാതെ പെട്ടെന്ന് പെട്രോള്‍ പമ്പിലേക്കു തിരിയാന്‍ ശ്രമിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസും നാട്ടുകാരും പറഞ്ഞു. പെട്ടെന്ന് ബ്രേക്ക് ചെയ്തു വെട്ടിച്ച ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പെട്രോള്‍ പമ്പ് പരിസരത്തേക്കു മറിയുകയുമായിരുന്നു. പെട്രോള്‍ പമ്പിലെ ഇന്ധനം വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ക്കു തൊട്ടടുത്താണ് ബസ് മറിഞ്ഞു വീണത്.
ഇവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റുകൊണ്ടുള്ള ചെറിയ തൂണില്‍ തട്ടിയ ശേഷം ബസ് മറിയുകയായിരുന്നു. പമ്പിലേക്ക് ഇടിച്ചുകയറിയിരുന്നെങ്കില്‍ വന്‍ തീപിടിത്തത്തിനും വലിയ ദുരന്തത്തിനും കാരണമായേനെ. പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും മറ്റൊരു ഇരുചക്രവാഹനത്തിലും ഇടിക്കാതെയാണ് ബസ് മറിഞ്ഞത്. അപകടം നടന്നയുടന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലാക്കി. സംഭവത്തില്‍ കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് അമിതവേഗതയിലായിരുന്നോ എന്നു പരിശോധിക്കാന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഇരുചക്രവാഹനം പെട്ടെന്നു വലത്തേക്ക് തിരിക്കുന്നതും ബസ് വലത്തേക്ക് വെട്ടിക്കുമ്പോള്‍ വാഹനത്തിന്റെ പിന്‍ഭാഗം കൊണ്ട് മറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ധനം നിറച്ചശേഷം പോകാനായി ഇരുചക്രവാഹനത്തില്‍ ഇരുന്ന ഒരാളുടെ തൊട്ടടുത്താണ് ബസ് മറിഞ്ഞത്.

















