സിഗ്നൽ കാത്തുനിന്ന 2 സ്കൂട്ടർ യാത്രികർ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസിടിച്ചു മരിച്ച കേസിൽ ബസ് ഡ്രൈവർക്ക് 3 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.
മാള കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെങ്ങമനാട് നെടുവന്നൂർ അറക്കലകത്ത് എ.കെ.ഉണ്ണിയെയാണ് പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് ശിക്ഷിച്ചത്.
ആലുവ തോട്ടയ്ക്കാട്ടുകര കവലയിൽ 2018 ഓഗസ്റ്റ് 10നായിരുന്നു സംഭവം. ചെറായി സ്വദേശികളായ അർജുൻ കെ.ഷാജിയും അഭിഷേകുമാണു മരിച്ചത്.
ആലുവ ട്രാഫിക് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ കെ.ടി.മുഹമ്മദ് കബീർ എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസിൽ ആലുവ ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ ആയിരുന്ന വിശാൽ ജോൺസനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദീപ മനോജ് ഹാജരായി.














