സീ ഗ്രൂപ്പ് സ്ഥാപകൻ സുഭാഷ് ചന്ദ്രയുടെ പാപ്പരത്വ കേസിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) വിവാദ ഉത്തരവിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വൻകിടക്കാർക്ക് കൊള്ളയടിക്കാൻ ട്രൈബ്യൂണൽ കൂട്ടുനിൽക്കുന്നുവെന്ന തരത്തിലാണ് രാഹുൽ ഗാന്ധിയുടെ എക്‌സ് പോസ്റ്റ്. നേതാക്കന്മാരുടെയും കമ്പനികളുടെയും കൊള്ളസംഘം എന്നാണ് ട്രൈബ്യൂണലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
രാജ്യത്ത് സാധാരണക്കാർക്ക് ഒരു നിയമവും ശതകോടീശ്വരന്മാർക്ക് മറ്റൊരു നിയമവുമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പാവപ്പെട്ട കർഷകൻ 50,000 രൂപ വായ്പ തിരിച്ചടച്ചില്ലെങ്കിൽ അവന്റെ ഭൂമി ലേലം ചെയ്യപ്പെടുന്നു, ജോലി ചെയ്യുന്ന ഒരു സാധാരണക്കാരൻ ഒരു ഇഎംഐ മുടക്കിയാൽ ബാങ്ക് ഗുണ്ടകൾ വീട്ടുപടിക്കൽ എത്തുന്നു, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ പോലും ലഭിക്കുന്നില്ല. അതേസമയം ചില ‘സുഹൃത്തുക്കൾക്ക്’ ബാങ്കിലെ പണം സ്വന്തം സ്വത്തുപോലെയാണ്. അവർക്ക് ഇഷ്ടമുള്ളത്ര പിൻവലിക്കുകയും തോന്നുന്ന തുക മാത്രം തിരിച്ചടയ്ക്കുകയും ചെയ്യാം. രാജ്യത്ത് മോദി സർക്കാർ രണ്ട് തരം സംവിധാനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്-ഒന്ന് ഒരുപിടി ശതകോടീശ്വരന്മാർക്കും മറ്റൊന്ന് സാധാരണക്കാരായ ബാക്കി എല്ലാവർക്കും വേണ്ടി-അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമടങ്ങുന്ന വായ്പാ ദാതാക്കൾ സമർപ്പിച്ച 22,006.57 കോടി രൂപയുടെ അവകാശവാദത്തിന്മേൽ വെറും 6.5 കോടി രൂപയുടെ തിരിച്ചടവ് പദ്ധതിക്കാണ് എൻസിഎൽടി അംഗീകാരം നൽകിയത്. ഇതാണ് വിവാദമായത്. ഇതുപ്രകാരം വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് തങ്ങൾ തിരിച്ചുപിടിക്കേണ്ട തുകയുടെ 99.97 ശതമാനവും എഴുതിത്തള്ളേണ്ടി വരും. ഇന്ത്യയിലെ വ്യക്തിഗത പാപ്പരത്വ കേസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഇളവുകളിലൊന്നാണിത്. അതായത് ബാങ്കുകൾക്ക് ലഭിക്കുക ഓരോ 100 രൂപയ്ക്കും വെറും മൂന്ന് പൈസ വീതം മാത്രമായിരിക്കും.
നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് സെക്ഷൻ 114 പ്രകാരമാണ്. ട്രൈബ്യൂണലിലെ രണ്ട് അംഗങ്ങൾക്കിടയിൽ ഉണ്ടായ ഭിന്നവിധിയെത്തുടർന്ന് മൂന്നാമതൊരു അംഗമായ നിലേഷ് ശർമയ്ക്ക് വിഷയം കൈമാറുകയായിരുന്നു. തുടർന്ന് അദ്ദേഹം ഈ തിരിച്ചടവ് പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. വായ്പ നൽകിയവരിൽ 80 ശതമാനം പേരും സുഭാഷ് ചന്ദ്രയുടെ വായ്പാ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ചതോടെയാണ് ഇത്തരത്തിൽ ഇളവ് ലഭിച്ചിരിക്കുന്നത്.
എന്നാൽ ബാക്കി 20 ശതമാനത്തിൽ താഴെ വരുന്ന വായ്പാ ദാതാക്കൾ ഇതിനെ കടുത്ത ഭാഷയിൽ എതിർക്കുന്നുണ്ട്. സുഭാഷ് ചന്ദ്രയ്ക്ക് വായ്പ നൽകിയ എൽഐസി ഹൗസിംഗ് ഫിനാൻസ്, എച്ചഡിഎഫ്‌സി ബാങ്ക് എന്നിവർ ഇതിനെ എതിർക്കുന്നുണ്ട്. ഇതിനെതിരെ അപ്പീൽ പോകുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചിട്ടുണ്ട്. എൽഐസി ഹൗസിംഗ് ഫിനാൻസിന് ലഭിക്കാനുള്ള 1,322.39 കോടി രൂപയ്ക്ക് പകരമായി വെറും 38 ലക്ഷം രൂപ മാത്രമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ഇത് നിയമവിരുദ്ധവും പ്രായോഗികമല്ലാത്തതുമാണെന്ന് അവർ ചൂണ്ടിക്കാണിച്ചെങ്കിലും, വായ്പാ ദാതാക്കളിലെ ഭൂരിപക്ഷത്തിന്റെ വാണിജ്യപരമായ തീരുമാനത്തെ മറികടക്കാൻ ട്രൈബ്യൂണലിന് കഴിയില്ലെന്ന് എൻസിഎൽടി വ്യക്തമാക്കി.
അതേസമയം ഉത്തരവ് വിവാദമായതിന് പിന്നാലെ സുഭാഷ് ചന്ദ്രയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം സ്വന്തം വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടില്ലെന്നും എസ്സൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ എടുത്ത വായ്പകൾക്ക് വ്യക്തിഗത ജാമ്യം നിൽക്കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് വ്യക്തമാക്കി.
ചന്ദ്രയുടെ ആസ്തികൾ 2016-ൽ 39.08 കോടിയായിരുന്നെങ്കിൽ 2024-ൽ അത് 31.79 കോടിയായി കുറഞ്ഞു. കമ്പനികൾ വായ്പാ തിരിച്ചടവ് മുടക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളം സ്വന്തം വ്യക്തിഗത അക്കൗണ്ടിൽ നിന്നാണ് അദ്ദേഹം നൽകിയതെന്നും അതുകൊണ്ടാണ് ആസ്തി കുറഞ്ഞതെന്നും ഓഫീസ് അവകാശപ്പെടുന്നു. നിലവിലുള്ള ആസ്തികളുടെ (ഇതിൽ 25 കോടി വിലവരുന്ന ഒരു വീടും ഉൾപ്പെടുന്നു) അടിസ്ഥാനത്തിലാണ് 6.5 കോടിയുടെ തിരിച്ചടവ് നിശ്ചയിച്ചതെന്നും ചന്ദ്രയുടെ ഓഫീസ് അറിയിച്ചു. 2017-ൽ അദ്ദേഹത്തിന് 45,888 കോടിയുടെ ആസ്തി ഉണ്ടായിരുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, എസ്സൽ ഗ്രൂപ്പിന്റെ വിപണി മൂല്യത്തെ ചന്ദ്രയുടെ വ്യക്തിഗത ആസ്തിയായി തെറ്റായി കണക്കാക്കിയതാണെന്നും വിശദീകരണത്തിൽ പറയുന്നു.