മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍. ഫാ. എ.എ.എല്‍ദോസ്, ഫാ.സാംജി.ടി.ജോര്‍ജ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.തോമസ് പോള്‍ റമ്പാന്‍ എന്നിവരാണു പുതിയ മെത്രാന്‍മാര്‍. മുളന്തുരുത്തി വെട്ടിക്കല്‍ ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വോട്ടിങ്ങിലൂടെയാണു മെത്രാന്മാരെ തെരഞ്ഞെടുത്തത്.
അസോസിയേഷന്‍ പ്രസിഡന്റായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഭാ മാനേജിങ് കമ്മിറ്റി നാമനിര്‍ദേശം ചെയ്ത ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍ മേധാവി കെ.റ്റി. ചാക്കോ ഐഎഎസ്. മുഖ്യ വരണാധികാരിയായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിങ് സൗകര്യവും, നേരിട്ടെത്തിയവര്‍ക്കായി ബാലറ്റ് വോട്ടിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.
ആകെ 3474 പേര്‍ വോട്ട് ചെയ്തു. 1168 വൈദികരും 2306 അല്‍മായരും വോട്ടെടുപ്പില്‍ പങ്കാളിയായി. ഫാ. എഎഎല്‍ദോസിന് വൈദികരുടെ 811 വോട്ടും അല്‍മായരുടെ 1380 വോട്ടും ലഭിച്ചു. ഫാ. സാംജി ടി. ജോര്‍ജിന് വൈദികരുടെ 717 വോട്ടും അല്‍മായരുടെ 1507 വോട്ടും ലഭിച്ചു. ഫാ. ഷിബു വേണാട് മത്തായിക്ക് വൈദികരുടെ 703 വോട്ടും അല്‍മായരുടെ 1263 വോട്ടും കിട്ടി. തോമസ് പോള്‍ റമ്പാന് വൈദികരുടെ 894 വോട്ടും അല്‍മായരുടെ 1892 വോട്ടും ലഭിച്ചു. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍ മേധാവി കെ.ടി. ചാക്കോ മുഖ്യ വരണാധികാരിയായി. നിയുക്ത മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം സിനഡ് പിന്നീട് തീരുമാനിക്കും.

















