World

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ആറു മാസം ; യുഎസിന് വ്യക്തമായ സന്ദേശവുമായി ഇറാൻ

പശ്ചിമേഷ്യൻ യുദ്ധത്തിന് ആറു മാസം തികയുന്ന വേളയിൽ യുഎസിന് വ്യക്തമായ സന്ദേശവുമായി ഇറാൻ. നയതന്ത്രബന്ധങ്ങൾ വീണ്ടും ശരിയായ പാതയിലാക്കുക അസാധ്യമായ കാര്യമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പക്ഷേ അതിന് ലളിതമായി ഒരു കാര്യംമാത്രം മനസ്സിലാക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് സമ്മർദ്ദ തന്ത്രം ഉപേക്ഷിക്കുക എന്നതാണ്. അത് ഫലം ചെയ്യില്ലെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽത്താനി ഇറാൻ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന. ഇറാൻ-യുഎസ് യുദ്ധത്തിൽ മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനായിട്ടാണ് ഖത്തർപ്രധാനമന്ത്രി ടെഹ്‌റാനിലെത്തിയത്.

ഖത്തർ പ്രധാനമന്ത്രിയുമായി ക്രിയാത്മകമായ ചർച്ചകൾ നടത്തിയെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. ‘നയതന്ത്രബന്ധങ്ങൾ വീണ്ടും ശരിയായ പാതയിലാക്കുക എന്നത് അസാധ്യമായ കാര്യമല്ല. അതിന് അമേരിക്ക ഒരു ലളിതമായ കാര്യം മനസ്സിലാക്കേണ്ടതുണ്ട്: സമ്മർദ്ദം ചെലുത്തുന്നത് ഫലം ചെയ്യില്ല. അമേരിക്ക വിശ്വാസം വളർത്തുകയും ആദരവോടെ സംസാരിക്കുകയും നമ്മുടെ അവകാശങ്ങൾ അംഗീകരിക്കുകയും തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും വേണം’ അരാഗ്ചി എക്‌സിൽ കുറിച്ചു.

ഈ വർഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ, ഖത്തർ തുടങ്ങിയ മധ്യസ്ഥരുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തിയ നയതന്ത്ര ശ്രമങ്ങൾക്കൊന്നും ഇതുവരെ ഫലം കാണാനായിട്ടില്ല.ഏപ്രിലിൽ വെടിനിർത്തലിലേർപ്പെടുകയും ജൂണിൽ അന്തിമ സമാധാന കരാറിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്‌തെങ്കിലും ഇതുവരെയും യാതൊരു കരാറിലെത്താനും കഴിഞ്ഞിട്ടില്ല. നിലവിൽ ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കനത്ത ഉപരോധ യുദ്ധങ്ങളിലാണ് അമേരിക്ക.