India

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; എസ് സി ഒ ഉച്ചകോടിയിലും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഉസ്‌ബെക്കിസ്ഥാനും കിര്‍ഗിസ് റിപ്പബ്ലിക്കുമാണ് മോദി സന്ദര്‍ശിക്കുന്നത്. ഓഗസ്റ്റ് 29 മുതല്‍ 30 വരെ ഉസ്‌ബെക്കിസ്ഥാനിലും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നിരവധി ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മധ്യേഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, 2012 ല്‍ ‘കണക്ട് സെന്‍ട്രല്‍ ഏഷ്യ’ എന്ന നയം രൂപപ്പെടുത്തിയപ്പോഴാണ് ഇന്ത്യ ഈ അഞ്ച് രാജ്യങ്ങള്‍ – കസാക്കിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക്, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ – ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇടപെടല്‍ ആരംഭിച്ചത്. 2015 ജൂലൈയില്‍ അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി. ഈ ബന്ധത്തിന്റെ തുടര്‍ച്ചയാണ് മോദിയുടെ സന്ദര്‍ശനം.

ഉസ്ബെക്കിസ്ഥാനിലെയും കിര്‍ഗിസ് റിപ്പബ്ലിക്കിലെയും സന്ദര്‍ശനത്തിനായി ഇന്ന് ഒമ്പത് മണിക്കാവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുക. ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. 31, 1 തീയതികളില്‍ നടക്കുന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും. എസ്.സി.ഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.