കഴക്കൂട്ടത്ത് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ചേന്തി അനിലിന് സസ്പെന്‍ഷന്‍. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഡിസിസി അധ്യക്ഷന്‍ എന്‍. ശക്തനാണ് നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിലും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ചേന്തി അനിലെങ്കിലും ഇത്തരം തെറ്റായ നടപടികളെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ചെന്നിത്തലയുടെ ഓഫീസും സ്വീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
ചേന്തിയില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോവുകയായിരുന്ന വി.ഡി സതീശന്റെ വാഹനം അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് തടഞ്ഞിരുന്നു. ചേന്തിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പറഞ്ഞ് ഇവര്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വെച്ച് പ്രചാരണം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളില്‍ പരിപാടി ഉണ്ടായിരുന്നില്ല.
വഴിമധ്യേ കാര്‍ തടഞ്ഞുനിര്‍ത്തി മോശമായി പെരുമാറിയതോടെ മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങുകയും പ്രവര്‍ത്തകരോട് രോഷാകുലനാവുകയും ചെയ്തു. ഉടനടി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രവര്‍ത്തകരെ തള്ളിമാറ്റി. സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനിലിനെ അറസ്റ്റുചെയ്തത്.

















