തിരുവനന്തപുരം: ഓണത്തിന്‍റെ ആഘോഷത്തിമിര്‍പ്പിനൊപ്പം കേരളത്തിന്‍റെ തനത് കലാപാരമ്പര്യത്തിന് പുതുജീവന്‍ പകരുകയാണ് ഓണം ടൂറിസം വാരാഘോഷം. തലമുറകളിലൂടെ കൈമാറിയ കേരളത്തിന്‍റെ സംസ്കാരം പേറുന്ന കലാരൂപങ്ങള്‍ക്ക് ഇത്തവണ വലിയ വേദികളും നിറയെ പ്രേക്ഷകരുമാണുള്ളത്.
ഓഗസ്റ്റ് 24 മുതല്‍ ആരംഭിച്ച് ഇന്ന് (30) അവസാനിക്കുന്ന ടൂറിസം വാരാഘോഷത്തിന്‍റെ പ്രധാന വേദിയായ നിശാഗന്ധിയില്‍ എല്ലാ ദിവസവും പരമ്പരാഗത കലാരൂപങ്ങളുടെ അവതരണമുണ്ട്. ടൂറിസം, സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിന്‍റെ ആശയമായിരുന്നു ഇത്.
തോല്‍പ്പാവക്കൂത്ത്, പടയണി, അര്‍ജുന നൃത്തം, പൂതനും തിറയും, തെയ്യം, ഓട്ടം തുള്ളല്‍, സര്‍പ്പപ്പാട്ട്, ദഫ് മുട്ട്, മുടിയേറ്റ്, ഒപ്പന തുടങ്ങി നിരവധി പരമ്പരാഗത കലാരൂപങ്ങളാണ് ഇത്തവണ ആഘോഷവേദികളില്‍ നിറയുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് രണ്ടോ മൂന്നോ വ്യത്യസ്തതയാര്‍ന്ന തനത് കലാരൂപങ്ങളുണ്ട്. പുരാണം, ചരിത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കഥകളാണ് ഇവയ്ക്കുള്ളത്. പാരമ്പര്യ സംഗീതം, കല, വേഷം, അവതരണം എന്നിവയുടെ മനോഹര സമന്വയമായ ഈ ഓരോ കലാരൂപങ്ങളും ചരിത്രവും പാരമ്പര്യവുമായി ഇഴചേര്‍ന്നവയാണെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തിന്‍റെ സാംസ്കാരിക ടൂറിസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കുകയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗത കലകള്‍ക്ക് ഓണം വാരാഘോഷത്തില്‍ പ്രാധാന്യം നല്‍കിയതിനെ പത്മശ്രീ പുരസ്കാര ജേതാവും തോല്‍പ്പാവക്കൂത്ത് കലാകാരനുമായ രാമചന്ദ്ര പുലവര്‍ സ്വാഗതം ചെയ്തു. ഇത്തരം കലകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വലിയ വേദികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിശാഗന്ധിയില്‍ മാവേലി ചരിതം തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ച പുലവര്‍, കാലത്തിനനുസരിച്ച് കലാരൂപങ്ങളില്‍ പുത്തന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞു.
ഭാഷ ഇപ്പോള്‍ തടസ്സമല്ലെന്നും ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്, ചാറ്റ് ജിപിടി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരമ്പരാഗത കലകളെക്കുറിച്ച് വിവിധ ഭാഷകളിലുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മഹാബലി, യേശുക്രിസ്തു, കേരളത്തിന്‍റെ ഉത്ഭവം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രമേയങ്ങളില്‍ താന്‍ നടത്തിയ പരീക്ഷണങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പരമ്പരാഗത കലകളെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ചലച്ചിത്രകാരന്‍ ജി.അരവിന്ദന്‍ തന്‍റെ വീട്ടിലെത്തിയ സംഭവം പുലവര്‍ അനുസ്മരിച്ചു. വീട്ടിലുണ്ടായിരുന്ന ഗംഗാലക്ഷ്മി ദേവിയുടെ പാവ അരവിന്ദനെ ആകര്‍ഷിക്കുകയും പിന്നീടത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ശ്രദ്ധേയമായ ലോഗോ രൂപപ്പെടുത്തുന്നതിന് പ്രചോദനമാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പാലക്കാട്-മലപ്പുറം മേഖലയില്‍ ഉത്ഭവിച്ച തനത് നാടന്‍ കലാരൂപമായ പൂതനും തിറയും കലാകാരനായ കെ.എം ഉണ്ണികൃഷ്ണനും പരമ്പരാഗത കലാപൂരങ്ങള്‍ക്ക് വലിയ സാംസ്കാരിക, സാമൂഹിക പ്രാധാന്യമുണ്ടെന്നും അവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു.
എട്ടാം വയസില്‍ ഈ കലാരൂപം അഭ്യസിക്കാന്‍ തുടങ്ങിയ 72 കാരനായ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ രാമന്‍ സ്മാരക തിറ പൂതന സംഘം നടത്തി വരികയാണ്. ഓണം പോലുള്ള ആഘോഷങ്ങള്‍ക്കായി ലഭിക്കുന്ന വേദികള്‍ ഇത്തരം കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും അവ അവതരിപ്പിക്കുന്ന കലാകാരന്‍മാരുടെ ജീവിതം നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പടയണി അവതരണത്തിലൂടെ ഏകദേശം ഇരുപതോളം കലാകാരന്‍മാര്‍ക്ക് പ്രയോജനമുണ്ടാകുമെന്ന് പടയണി കലാകാരനായ ബി. സുരേഷ് കുമാര്‍ പറയുന്നു. ഓരോ പരമ്പരാഗത കലാരൂപവും അതത് മേഖലയില്‍ വൈദഗ്ധ്യം നേടിയ കലാകാരന്‍മാരുടെ കഴിവിന്‍റെ ഫലമാണ്. ഓണം പോലുള്ള ആഘോഷങ്ങളില്‍ തങ്ങള്‍ക്ക് വേദി ലഭിക്കുന്നതിലൂടെ ഉപജീവനം കണ്ടെത്താനും പാരമ്പര്യ കലകളെ നിലനിര്‍ത്താനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
പാരമ്പരാഗത കലാരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതിനായി പ്രത്യേക ഉത്സവം സംഘടിപ്പിക്കണമെന്നും അത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന നിര്‍ദേശം സുരേഷ് കുമാര്‍ മുന്നോട്ടുവച്ചു. സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ പരമ്പരാഗത കലാകാരന്‍മാരെ ഒരുമിച്ചിരുത്തി അവയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നത് പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ പാരമ്പര്യ കലകള്‍ സംരക്ഷിക്കുന്നതിന് കേരള ഫോക് ലോര്‍ അക്കാദമിക്ക് സര്‍ക്കാര്‍ കൂടുതല്‍ ബജറ്റ് അനുവദിക്കണമെന്ന് അര്‍ജുന നൃത്തം കലാകാരനായ കുറിച്ചി നടേശന്‍ പറഞ്ഞു.
ആഘോഷവേദികളില്‍ ഉയരുന്ന കേരളത്തിന്‍റെ തനത് കലകളുടെ താളം കൂടുതല്‍ വേദികളിലേക്ക് പകരട്ടെയെന്ന പ്രതീക്ഷയിലാണ് കലാകാരന്‍മാര്‍. പാരമ്പര്യവും പുതുമയും കൈകോര്‍ക്കുന്ന ഇത്തരം വേദികള്‍ കലാരൂപങ്ങളുടെ നിലനില്‍പ്പിനും ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും കരുത്താകും.