പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്ഥലത്ത് മൊഴി നൽകാൻ ഹാജരാകണമെന്നും എസ്ഐടിക്ക് നിയമോപദേശം. ക്രൈംബ്രാഞ്ച് ഓഫീസിലോ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ പിഎസ്‌സി അംഗങ്ങൾ ഹാജരാകണമെന്നാണ് നിയമോപദേശത്തിലെ നിർദേശം.
ഭരണഘടനാ പദവിയുള്ള സ്ഥാപനമായതിനാൽ പിഎസ്‌സി ആസ്ഥാനത്ത് എത്തി മൊഴിയെടുക്കാമെന്നായിരുന്നു നേരത്തെ അംഗങ്ങളുടെ നിലപാട്. എന്നാൽ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആർക്കും പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പിഎസ്‌സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്ന കാര്യം എസ്.ഐ.ടി പരിശോധിക്കും. നേരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന നിലപാടായിരുന്നു പിഎസ്‌സി അംഗങ്ങൾ സ്വീകരിച്ചിരുന്നത്.















