സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഉറച്ച്സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
‘സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്‌ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണ് മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെ കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല’, കാന്തപുരം പറഞ്ഞു.
ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
‘ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടത്. വരുതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നു നല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്’ എന്നായിരുന്നു കാന്തപുരത്തിന്‍റെ പ്രസ്താവന.