ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി. സണ്ണി എം. കപിക്കാടിന് സാമ്പത്തിക സഹായവും വേദികളും നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു ആരോപിച്ചു. ഡോ. ബി.ആര്‍ അംബേദ്കറുടെ വാക്കുകളെയും പ്രസ്താവനകളെയും ദുര്‍വ്യാഖ്യാനം ചെയ്ത് ഹൈന്ദവ സമൂഹത്തിനെതിരെ വിഷം ചീറ്റുകയാണ് സണ്ണി കപിക്കാട് ചെയ്യുന്നത്. ഹൈന്ദവ സമൂഹത്തെ ജാതി പറഞ്ഞു ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരക്കാര്‍ക്കുള്ളത്.
ദലിത്, പട്ടികജാതി, പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ സംരക്ഷകന്‍ എന്ന വ്യാജേന സണ്ണി കപിക്കാട് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കുടപിടിക്കുകയാണ്. ദലിത് സമൂഹത്തെ തീവ്രവാദ ശക്തികള്‍ക്ക് കൂട്ടിക്കൊടുക്കുന്ന നിലപാടാണ് ഇയാള്‍ സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നുകൊണ്ടാണ് ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടര്‍ച്ചയായി അധിക്ഷേപിക്കുന്നതെന്നും ആര്‍.വി ബാബു ആരോപിച്ചു.
ശബരിമലയിലെ വിശ്വാസങ്ങളെ കുറിച്ചുള്ള സണ്ണി എം കപിക്കാടിന്റെ വിവാദ പ്രസംഗത്തിന് എതിരെ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടത്തിലായിരുന്നു ആര്‍.വി ബാബുവിന്റെ ആരോപണങ്ങള്‍. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം. കപിക്കാട് രംഗത്ത് എത്തിയിരുന്നു. ശബരിമല അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെക്കുറിച്ചോ ഭക്തജനങ്ങള്‍ക്കെതിരേയോ മോശമായ പരാമര്‍ശം നടത്തിയിട്ടില്ല. എന്നാല്‍ പ്രസംഗത്തില്‍ ഉപയോഗിച്ച വാക്കുകളെക്കുറിച്ചു ഖേദമുണ്ട്. ഉപയോഗിച്ച വാക്കില്‍ ജാഗ്രതക്കുറവുണ്ടായി. ആര്‍ക്കെതിരേയും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

















