ബിഷ്കെക്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ ഇടപെടലിന് പ്രാധാന്യം നൽകി ഇറാൻ. ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയത്തിൽ ചർച്ച നടന്നത്.
അമേരിക്കയുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുദ്ധം തുടരുന്നത് ഇറാനോ മേഖലയ്ക്കോ മനുഷ്യരാശിക്കോ ഗുണകരമല്ലെന്ന് പെസെഷ്കിയാൻ വ്യക്തമാക്കിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കരാറുകളിലെ തങ്ങളുടെ ബാധ്യതകൾ പാലിക്കാൻ ഇറാൻ തയ്യാറാണെന്നും, അമേരിക്കൻ ഭാഗത്ത് നിന്ന് ചില പ്രതിബദ്ധതകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മോദിയോട് പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷത്തിന് സൈനിക പരിഹാരമല്ല, സംഭാഷണവും നയതന്ത്രവും വഴിയുള്ള പരിഹാരമാണ് വേണ്ടതെന്ന് മോദി ആവർത്തിച്ചു. മേഖലയിൽ ദീർഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ കപ്പലുകൾക്കും നാവികർക്കും സാധാരണക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്നും വാണിജ്യത്തിന്റെയും കപ്പൽഗതാഗതത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധവും വ്യാപാരവും ചർച്ചയായി. വരുംകാലത്ത് ഇറാനുമായുള്ള വ്യാപാരബന്ധം കൂടുതൽ വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യാനാണ് ഇന്ത്യയുടെ താൽപര്യമെന്ന് മോദി അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിനും മോദി–പെസെഷ്കിയാൻ കൂടിക്കാഴ്ചയ്ക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

















