മുംബൈ: നടി ശാലിനി പാണ്ഡെയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ AI വീഡിയോയ്‌ക്കെതിരെ നടി രംഗത്ത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ തന്റേതല്ലെന്നും പൂർണമായും കൃത്രിമമായി നിർമിച്ചതാണെന്നും ശാലിനി വ്യക്തമാക്കി. ഓഗസ്റ്റ് 31നാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
വീഡിയോയിൽ തന്റെ രൂപം കൃത്രിമമായി ഉപയോഗിച്ചിട്ടുണ്ടെന്നും സാങ്കേതികവിദ്യ വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ, ലക്ഷ്യമിട്ട് ദുരുപയോഗം ചെയ്യുന്നത് ഏറെ ആശങ്കാജനകമാണെന്നും ശാലിനി പറഞ്ഞു. ഇത്തരം ദുരുപയോഗങ്ങൾ സാധാരണ സംഭവമായി കാണരുതെന്നും അവർ വ്യക്തമാക്കി.
‘വീഡിയോ ഷെയർ ചെയ്യരുത്’
വ്യാജ വീഡിയോ കാണാനിടയായാൽ അത് ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ശാലിനി ആവശ്യപ്പെട്ടു. പകരം വീഡിയോ റിപ്പോർട്ട് ചെയ്യണമെന്നും അതിന്റെ വ്യാപനം തടയാൻ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അവർ അഭ്യർത്ഥിച്ചു.
AI ഉപയോഗിച്ച് യഥാർഥ വ്യക്തികളുടെ മുഖവും രൂപവും കൃത്രിമമായി മാറ്റി വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശാലിനിയുടെ പ്രതികരണം. ഇത്തരം ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ വ്യക്തികളുടെ സ്വകാര്യതയ്ക്കും പ്രതിച്ഛായയ്ക്കും ഗുരുതരമായ ഭീഷണിയാകുന്നുവെന്ന ആശങ്കയും ശക്തമാകുകയാണ്.
‘അർജുൻ റെഡ്ഡി’യിലൂടെ ശ്രദ്ധ നേടിയ ശാലിനി പാണ്ഡെ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

















