ദുബായ്: യുഎഇയിൽ സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വില വർധനയുണ്ട്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
സെപ്റ്റംബറിൽ Super 98 പെട്രോളിന് ലിറ്ററിന് 3.80 ദിർഹം, Special 95ന് 3.69 ദിർഹം, E-Plus 91ന് 3.61 ദിർഹം എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഡീസൽ വില ലിറ്ററിന് 4.30 ദിർഹമായി ഉയർന്നു.
ഓഗസ്റ്റിൽ Super 98ന് 3.60 ദിർഹവും Special 95ന് 3.49 ദിർഹവും E-Plus 91ന് 3.41 ദിർഹവും ഡീസലിന് 3.80 ദിർഹവുമായിരുന്നു. ഇതോടെ പെട്രോൾ വിഭാഗങ്ങളിൽ ലിറ്ററിന് 20 ഫിൽസും ഡീസലിന് 50 ഫിൽസുമാണ് വർധിച്ചത്.
ഇന്ധനവില വർധന യുഎഇയിലെ വാഹന ഉടമകൾക്കും ഇന്ധനം ഉപയോഗിക്കുന്ന വിവിധ മേഖലകൾക്കും അധിക ചെലവുണ്ടാക്കും. ആഗോള എണ്ണവിലയിലെ മാറ്റങ്ങളും വിപണിയിലെ സാഹചര്യങ്ങളും പരിഗണിച്ചാണ് യുഎഇയിൽ പ്രതിമാസ ഇന്ധനവില പുനഃക്രമീകരിക്കുന്നത്.
സെപ്റ്റംബർ 1 മുതൽ യുഎഇയിലെ പെട്രോൾ പമ്പുകളിൽ പുതിയ നിരക്കായിരിക്കും ബാധകം.

















