അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും യു.എ.ഇ നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് വിഭാഗം സുരക്ഷിതമായി രക്ഷപ്പെടുത്തി. മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.
കപ്പലിൽ തീപിടിച്ചതായി ജീവനക്കാർ നൽകിയ അടിയന്തര സന്ദേശത്തെ തുടർന്നായിരുന്നു രക്ഷാപ്രവർത്തനം. നാഷനൽ ഗാർഡിന്‍റെ കോസ്റ്റ് ഗാർഡ് വിഭാഗത്തിന് ലഭിച്ച സന്ദേശത്തെ തുടർന്ന് പ്രത്യേക സംഘങ്ങളെ ഉടൻ കപ്പലിലേക്ക് അയച്ചു.
സ്ഥലത്തെത്തിയ സംഘം 22 ജീവനക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
എണ്ണക്കപ്പലിൽ എങ്ങനെയാണ് തീപിടിച്ചതെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് കപ്പലിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്.














