മഞ്ഞുമൂടിയ പർവ്വതങ്ങളും പച്ചപ്പുനിറഞ്ഞ താഴ്‌വരകളുമുള്ള സ്വിറ്റ്‌സർലൻഡ് ഏതൊരു സഞ്ചാരിയുടെയും സ്വപ്നഭൂമിയാണ്. എന്നാൽ ആ വിദേശ ഭംഗിയെ ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു ഗ്രാമം നമ്മുടെ കേരളത്തിലുമുണ്ട്. പെരിയാറിന്റെ ശാന്തമായ ഒഴുക്കും പച്ചപ്പു നിറഞ്ഞ കാടുകളും കൊണ്ട് അനുഗൃഹീതമായ എറണാകുളം ജില്ലയിലെ തട്ടേക്കാട് ആണ് ആ സുന്ദരഭൂമി!
തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന യാത്രാപ്രേമികൾക്ക് ഇവിടം ഒരു സ്വർഗ്ഗതുല്യ അനുഭവമാണ്. പച്ചനിറഞ്ഞ വനമേഖലയും പെരിയാറിന്റെ ശാന്തമായ ഒഴുക്കുമെല്ലാമാണ് ഇതിനെ കേരളത്തിന്റെ ‘മിനി സ്വിറ്റ്സർലൻഡ്’ ആക്കിയത്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഡോ. സാലിം അലി പക്ഷിസങ്കേതവും സ്ഥിതി ചെയ്യുന്നുണ്ട്.
തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കെെവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. ക്യാമ്പിംഗിന് പറ്റിയ ഏറ്റവും മികച്ച ചോയ്സാണിത്.

















